വളരെ കാലമായി സ്മാർട്ട്ഫോൺ മേഖലയിൽ നിന്ന് പിന്നോട്ട് നിൽക്കുകയായിരുന്ന ലെനോവോ വിപണി പിടിക്കാനുള്ള തയ്യാറെടുപ്പിലാണ്. വമ്പൻ ഫീച്ചറുകളുമായി കുറഞ്ഞ വിലയിൽ പുത്തൻ സമാർട്ട് ഫോണുമായി എത്തിയിരിക്കുകയാണ് കമ്പനി. സെഡ് 6 പ്രോ എന്ന പുത്തൽ മോഡലാണ് ലെനോവോ വിപണിയിൽ അവതരിപ്പിച്ചത്.
ഫുൾ എച്ച് ഡി ഡിസ്‌പ്ലേയുള്ള ഫോണിന്റെ 95 ശതമാനവും സ്ക്രീൻ തന്നെയാണ്. വാട്ടർ ഡ്രോപ്പ് നോച്ച് ഡിസ്‌പ്ലേയാണ് സെഡ് 6 പ്രോയിലുള്ളത്. കൂടാതെ ഫിംഗർ പ്രിന്റ് സെൻസറും ഇത്തവണ സ്ക്രീനിൽ തന്നെ ഉൾപ്പെടുത്തിയിരികുകയാണ് ലെനോവോ. നാല് ക്യാമറകളുമായി എത്തിയ ഫോണിന് ലോ ലൈറ്റിംഗിൽ മികച്ച ഫോട്ടോകളെടുക്കാൻ സാധിക്കും എന്നത് തന്നെയാണ് ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത.
മാക്രോ ഫോട്ടോഗ്രാഫിക്കും, വൈഡ് ആംഗിൾ ഫോട്ടോയെടുക്കാനും പ്രത്യേക സെൻസറുകൾ ഉപയോഗിച്ചിട്ടുള്ളതിനാൽ മികച്ച ചിത്രങ്ങൾ എടുക്കാൻ സെഡ് 6പ്രോയിൽ സാധിക്കും. നിരവധി ഫോട്ടോഗ്രാഫി മോഡുകളും ഫീച്ചറുകളും സെഡ്6 പ്രോയിലുണ്ട്. എ.ഐ സെറ്റപ്പോട് കൂടിയ 48മെഗാപിക്സൽ ക്യാമറയാണ് ഫോണിന്റെ പ്രധാന ആകർഷണം. കൂടാതെ സെൽഫി പ്രേമികൾക്കായി 32മെഗാപിക്സലിന്റെ സെൽഫി ക്യാമറയും ഫോണലുണ്ട്.
ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷനോടെയുള്ള 5ഡി കർവ്ഡ് ഗ്ലാസ് സെറ്റപ്പാണ് ഫോണിന്റെ പിന്നിലെ ബോഡിയുടെ രൂപകൽപന ചെയ്തിരിക്കുന്നത്. പിന്നിൽ എൽ.ഇ.ഡി ഫ്ലാഷ് ലൈറ്റും ഉൾപ്പെടുത്തിയിട്ടുണ്ട്. മികച്ച പ്രൊസസർ ഉൾപ്പെടുത്തിയിരിക്കുന്ന ഫോൺ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ പതിപ്പായ പൈ9ലാണ് പ്രവർത്തിക്കുന്നത്. കൂടാതെ ലെനോവോയുടെ തന്നെ സ്വന്തം യൂസർ ഫേസായ സുയി 11 ഫോണിന്റെ കാഴ്ചക്ക് മിഴിവേകുന്നു.
4000എം.എ.എച്ച് ബാറ്ററിയാണ് ഫോണിലുള്ളത്. കൂടുതൽ നേരം ഈട് നിൽക്കുന്ന ബാറ്ററിയിൽ ഫാസ്റ്റ് ചാർജ്ജിംഗ് സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്. ക്വാൽകോം സ്നാപ്ഡ്രാഗൺ 855പ്രൊസസറാണ് ഫോണിന് കരുത്തേകുന്നത്. 5ജി സാങ്കേതിക വിദ്യയിലാണ് ഫോൺ പുറത്തിറക്കിയിരിക്കുന്നത്. സെഡ്6 പ്രോയുടെ നാല് വേരിയന്റുകളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്.
6ജിബി - 128ജിബി. 8ജി.ബി-128ജി.ബി, 8ജി.ബി-128ജി.ബി,12ജി.ബി-512ജി.ബി വേരിയന്റുകളാണ് ഫോണിനുള്ളത്. മെമ്മറികാർഡ് ഉപയോഗിക്കാൻ സാധിക്കില്ല. 5ജി സാങ്കേതിക വിദ്യ പ്രവർത്തിക്കുന്ന ഫോണിൽ 4ജി വോൾട്ടി, ബ്ലൂടൂത്ത് 5, ഡ്യൂവൽ ഫ്രീക്വൻസി ജി.പി.എസ്, യു.എസ്.ബി ടൈപ്പ് സി, ഡോൾബി അറ്റ്മോസ് എന്നീ ഫീച്ചറുകളും ഉണ്ട്. നിലവിൽ ചൈനയിൽ അവതരിപ്പിച്ചിരിക്കുന്ന ഫോൺ എന്ന് ഇന്ത്യൻ വിപണിയിലെത്തുമെന്ന കാര്യം കമ്പനി വ്യക്തമാക്കിയിട്ടില്ല.