cpm

തിരുവനന്തപുരം: സംസ്ഥാനത്ത് ആർ.എസ്.എസുമായി മുഖ്യമന്ത്രി പിണറായി വിജയൻ രഹസ്യ ധാരണയുണ്ടാക്കിയെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു. ഇക്കാര്യം കണ്ണൂരിലെ ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരി തന്നെ സമ്മതിച്ചതാണ്. സി.പി.എമ്മിനും ബി.ജെ.പിക്കുമിടയിൽ താൻ പാലമായി പ്രവർത്തിച്ചുവെന്നാണ് തില്ലങ്കേരിയുടെ വെളിപ്പെടുത്തൽ. ഇക്കാര്യം നിഷേധിക്കാൻ പിണറായി തയ്യാറാകുമോയെന്നും മുല്ലപ്പള്ളി ചോദിച്ചു. ആർ.എസ്.എസുമായോ ബി.ജെ.പിയുമായോ കോൺഗ്രസ് ധാരണയുണ്ടാക്കിയെന്ന് തെളിയിച്ചാൽ താൻ പൊതുജീവിതം അവസാനിപ്പിക്കാമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് വലിയ തോതിൽ വോട്ടുകച്ചവടം നടന്നുവെന്ന സി.പി.എം ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനിടെ സംസ്ഥാനത്തെ എട്ട് മണ്ഡലങ്ങളിൽ ബി.ജെ.പി വോട്ടുകൾ യു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് മറിച്ചു നൽകിയെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ ആരോപിച്ചിരുന്നു. കോഴിക്കോടും കണ്ണൂരും പരസ്യമായി തന്നെ ബി.ജെ.പി വോട്ടുകൾ മറിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.