കൊളംബോ: ''അവർ വളരെ നല്ലവരായ ആളുകളായിരുന്നു. "- പറയുമ്പോൾ സംഭവിച്ചതൊന്നും വിശ്വസിക്കാൻ കഴിയാത്തതിന്റെ അങ്കലാപ്പാണ് വീട്ടമ്മയായ ഫാത്തിമ ഫസ്‌ലയ്ക്ക്. ദുരന്തത്തിന്റെ ഞെട്ടലിനെക്കാൾ അവരെ അമ്പരിപ്പിക്കുന്നത്, തന്റെ അയൽക്കാർക്ക് എങ്ങനെ ഇത് ചെയ്യാൻ കഴിഞ്ഞുവെന്നാണ്. ശ്രീലങ്കയിലെ സ്ഫോടനപരമ്പരയിൽ ചാവേറുകളായവരിൽപെട്ട
സമ്പന്ന കുടുംബത്തിലെ സഹോദരന്മാരുടെ അയൽക്കാരിയാണ് ഫാത്തിമ. ഫാത്തിമയ്ക്ക് മാത്രമല്ല, മഹാവേല ഗാർഡൻസിലെ മൂന്നുനിലകളുള്ള ആഡംബരഭവനത്തിന്റെ പരിസരത്ത് താമസിക്കുന്ന ആർക്കുംതന്നെ ഇക്കാര്യം വിശ്വസിക്കാനായിട്ടില്ല.
സഹോദരന്മാരിൽ ഒരാളായ 33കാരനായ ഇൻഷാഫ് ഇബ്രാഹിം ഷാങ്‌ഗ്രി ഹോട്ടലിൽ ഭക്ഷണക്യൂവിൽ നിൽക്കുമ്പോഴായിരുന്നു സ്വയം പൊട്ടിത്തെറിച്ചത്. വിവരത്തെതുടർന്ന് വടക്കൻ മേഖലയിലെ ഇവരുടെ മറ്റൊരു സഹോദരനായ ഇൽഹാം ഇബ്രാഹിമിന്റെ വീട്ടിൽ പൊലീസ് റെയ്ഡിനെത്തിയപ്പോഴാണ് ഇൽഹാമും സ്വയം പൊട്ടിത്തെറിച്ചത്. ഈ സ്ഫോടനത്തിൽ ഇൽഹാമിന്റെ ഭാര്യ, ഇവരുടെ മൂന്ന് മക്കൾ, അന്വേഷണത്തിനെത്തിയ നാല് പൊലീസുകാർ ഉൾപ്പെടെയാണ് കൊല്ലപ്പെട്ടത്. നഗരത്തിലുള്ള ചെമ്പുഫാക്ടറിയുടെ ഉടമയാണ് ഇൻഷാഫ്. ഇൽഹാമാകട്ടെ വിദേശത്തുനിന്ന് വിദ്യാഭ്യാസം നേടിയ ആളും. നഗരത്തിലെ പ്രമുഖ സ്വർണവ്യാപാരിയാണ് ഇൻഷാഫിന്റെ ഭാര്യാപിതാവ്.
കൊളംബോയിലെ സുഗന്ധവ്യഞ്ജന വ്യാപാരിയും രാഷ്ട്രീയക്കാരുമായി അടുത്ത ബന്ധമുള്ളയാളുമായ മുഹമ്മദ് ഇബ്രാഹിമിന്റെ മക്കളാണ് ഇരുവരും. മുഹമ്മദ് ഇബ്രാഹിമിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം, ചാവേറാക്രമണത്തിൽ സംശയമുനയിൽ നിൽക്കുന്ന സംഘടനയായ നാഷണൽ തൗഹീദ് ജമാഅത്തിനോട് ഇൽഹാം ആഭിമുഖ്യം കാണിച്ചിരുന്നതായാണ് റിപ്പോർട്ടുകൾ. എന്നാൽ, ഈ രക്തസഹോദരന്മാരുടെ ഉള്ളിലിരുപ്പുകളെക്കുറിച്ച് മറ്റാരും അറിഞ്ഞില്ലെന്നതാണ് സത്യം.
''അദ്ദേഹം വളരെ ദയയുള്ളവനായിരുന്നു. അദ്ദേഹത്തോടൊപ്പം ജോലിചെയ്യുന്നതിൽ ഞാൻ സന്തോഷവാനായിരുന്നു." ഇൻഷാഫിന്റെ ചെമ്പുഫാക്ടറിയിലെ ബംഗ്ലാദേശ് സ്വദേശിയായ ജീവനക്കാരൻ സരോവറിന് പറയാനുള്ളതും ''ഇൻഷാഫെന്ന മനുഷ്യസ്നേഹി"യെക്കുറിച്ചായിരുന്നു.