മലയാള സിനിമാ രംഗത്തെ വനിത കൂട്ടായ്മയായ വിമെൻ ഇൻ സിനിമാ കളക്ടീവ് മൂന്നാംവർഷത്തിലേക്ക് കടക്കുകയാണ്.സിനിമാ രംഗത്ത് സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുക മാത്രമാണ് സംഘടനയുടെ ലക്ഷ്യമെന്നാണ് പലരും ധരിച്ചുവച്ചിരിക്കുന്നത്. സിനിമാ രംഗത്ത് സ്ത്രീകളുടെ ശബ്ദത്തിന് അർഹിക്കുന്ന പ്രാധാന്യം നേടിയെടുക്കുക, സിനിമാ രംഗത്തെ നയരൂപീകരണം ഉൾപ്പടെയുള്ള കാര്യങ്ങളിൽ സ്ത്രീകളുടെ ശബ്ദത്തിന് വിലയുണ്ടാക്കിയെടുക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യം. സംഘടന ആർക്കും എതിരല്ല. ലിംഗഭേദമെന്യേ എല്ലാവർക്കും നല്ല അന്തരീക്ഷത്തിൽ ജോലി ചെയ്യാൻ അവസരം ലഭിക്കണം എന്നു മാത്രമേ സംഘടന ആവശ്യപ്പെടുന്നുള്ളൂ.
സ്ത്രീകൾ സിനിമാരംഗത്ത് മാത്രമല്ല മോശം അനുഭവങ്ങൾ നേരിടുന്നത് എന്നോർക്കണം. എല്ലാ രംഗത്തും അവർ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. സിനിമാരംഗത്ത് സ്ത്രീകൾക്ക് ദുരനുഭവങ്ങൾ ഉണ്ടായാൽ വിമെൻ ഇൻ സിനിമകളക്ടീവ് തക്കസമയത്ത് അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരും. അതിന് വേണ്ട നടപടികൾ ഉറപ്പാക്കാൻ പരിശ്രമിക്കുകയും ചെയ്യും. തുല്യതൊഴിൽ അവസരമാണ് സിനിമാരംഗത്തെ സ്ത്രീയുടെ പ്രധാന ആവശ്യം. ഒരു ഉദാഹരണം പറയാം, കാമറ കൈകാര്യം ചെയ്യുന്ന കാര്യം വരുമ്പോൾ സിനിമാരംഗം പുരുഷന് തന്നെയാണ് ഇന്നും മുൻഗണന നൽകുന്നത്. എന്തുകൊണ്ടാണിത് ? ഈ അവസ്ഥ മാറണം. ജോലി ചെയ്യാൻ അറിയാമെങ്കിൽ സ്ത്രീക്കും അവസരം ലഭിക്കേണ്ടേ. പൊതുവിൽ സിനിമാരംഗത്ത് വനിതാ പ്രാതിനിധ്യം കുറവാണ്.
സംഘടനയിൽ സിനിമാരംഗത്തെ എല്ലാ സ്ത്രീകളുടെയും പ്രാതിനിധ്യം ഇല്ലല്ലോ എന്ന ചോദ്യം ചിലയിടങ്ങളിൽ നിന്ന് ഉയരുന്നുണ്ട്. അതിനുള്ള ഉത്തരം ഇതൊരു രാഷ്ട്രീയ പാർട്ടിയല്ല എന്നതാണ്. ഇപ്പോൾ അറുപതോളം അംഗങ്ങളാണ് സംഘടനയിലുള്ളത്. അംഗങ്ങളുടെ എണ്ണത്തിലല്ല അവർ പറയുന്ന കാര്യങ്ങൾക്കാണ് പ്രാധാന്യം. ഇത് ഒരു കൂട്ടായ്മയായി തന്നെ മുന്നോട്ടു പോകും. ഇതുവരെ ഞങ്ങൾക്കിടയിൽ ഐക്യമുണ്ട്. തുടർന്നും അങ്ങനെയായിരിക്കും.
സിനിമാ മേഖല പലപ്പോഴും പുകമറയ്ക്കുള്ളിലാണ്. അതിനുള്ളിൽ നടക്കുന്നതിനെക്കുറിച്ച് പലർക്കും വ്യക്തമായ ധാരണയില്ല. ഇതേക്കുറിച്ച് ഞങ്ങൾ മുഖ്യമന്ത്രിയെ ബോദ്ധ്യപ്പെടുത്തിയിരുന്നു. അദ്ദേഹം അനുഭാവപൂർവമായാണ് പെരുമാറിയത്. രംഗത്തെ പ്രശ്നങ്ങൾ പഠിക്കുന്നതിനായി ജസ്റ്റിസ് ഹേമ അദ്ധ്യക്ഷയായി കമ്മിഷനെ നിയോഗിച്ചിട്ടുണ്ട്. കമ്മിഷന്റെ പ്രവർത്തനങ്ങൾ തൃപ്തികരമാണ്. ശ്രമകരമായ ജോലിയാണ് കമ്മിഷൻ ചെയ്യുന്നത്. സിനിമാ രംഗത്തെ വിശദമായ വിവരങ്ങൾ ശേഖരിച്ചു കൊണ്ടിരിക്കുകയാണ്. അധികം വൈകാതെ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് അറിയുന്നത്.
സർക്കാരിന്റെ ഭാഗത്തു നിന്നും സംഘടനയ്ക്ക് പിന്തുണ ലഭിച്ചതിൽ വളരെയധികം സന്തോഷമുണ്ട്. ഇതേ സ്ഥാനത്ത് തെലുങ്ക് സിനിമാ രംഗത്തെ സ്ത്രീകൾ അധികാരികളെ സമീപിച്ചിരുന്നു. എന്നാൽ അനുകൂലമായ ഒരു ഇടപെടലും ഉണ്ടായില്ല. തുടർന്ന് കോടതി ഇടപെടേണ്ടി വന്നു. വിമെൻ ഇൻ സിനിമ കളക്ടീവ് അതിന്റെ ലക്ഷ്യം കൈവരിക്കാനുള്ള യാത്രയിലാണ് . ഒന്നോ രണ്ടോ ദിവസം കൊണ്ട് പൂർണമായ മാറ്റം ഉണ്ടാകില്ലല്ലോ. ക്രമേണ ലക്ഷ്യം കൈവരിക്കുക തന്നെ ചെയ്യും.
ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് സെന്റ് തെരേസാസ് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന വാർഷിക സമ്മേളനം മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും. പാ രഞ്ജിത്ത് മുഖ്യാതിഥിയായിരിക്കും. സുപ്രീം കോടതി അഭിഭാഷകയായ വൃന്ദാഗ്രോവർ മുഖ്യപ്രഭാഷണം നടത്തും.