തൃശൂർ: കഞ്ചാവ് വിൽപ്പനയെക്കുറിച്ചുള്ള വിവരം എക്‌സൈസ് സംഘത്തിന് ചോർത്തി നൽകിയെന്ന് ആരോപിച്ച് രണ്ട് യുവാക്കളെ വാഹനം ഇടിച്ച് വീഴ്‌ത്തിയ ശേഷം വെട്ടിക്കൊന്ന കേസിൽ രണ്ട് പേർ അറസ്‌റ്റിലായി. സംഭവത്തിൽ ഉൾപ്പെട്ട ആറ് പേരെയും സി.സി.ടി.വിയുടെ സഹായത്തോടെ കണ്ടെത്തിയ പൊലീസ് ബാക്കിയുള്ളവരെ ഉടൻ പിടികൂടുമെന്ന് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് ചിലർ പൊലീസ് കസ്‌റ്റഡിയാലെന്നും വിവരമുണ്ട്. ഡയമണ്ട്, സഹോദരൻ ജിനോ, ജെസോ, എബി, സിജോ, പ്രിൻസ് എന്നിവരാണ് കസ്റ്റഡിയിലുള്ളതെന്നാണ് വിവരം.
ദിവസങ്ങൾക്ക് മുമ്പ് കഞ്ചാവ് വിൽപന നടത്തിയിരുന്ന വരടിയം മേഖലയിലെ ഒരു സ്ത്രീയെയും മകനെയും എക്സൈസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇവരെ എക്‌സൈസ് പിടികൂടിയത് ശ്യാമും ക്രിസ്റ്റോയുമടങ്ങുന്ന സംഘം ഒറ്റിയത് കൊണ്ടാണെന്ന് സംശയിച്ച അക്രമിസംഘത്തിന്റെ ഭീഷണി പലപ്പോഴും ഉണ്ടായിരുന്നു. കൊലപാതകത്തിന് നേതൃത്വം നൽകിയവർക്ക് അമ്മയും മകനുമായി ബന്ധമുണ്ടായിരുന്നു. ആക്രമണ സാദ്ധ്യത മുന്നിൽ കണ്ട് ശ്യാമിനെ മറ്റൊരിടത്തേക്ക് മാറ്റാനാണ് മുണ്ടത്തിക്കോട് സ്വദേശിയായ ക്രിസ്‌റ്റോ വരടിയത്ത് എത്തിയത്. കഴിഞ്ഞദിവസം ശ്യാമിന്റെ വീട്ടിൽ ഒരു സംഘം ഗുണ്ടകൾ വന്ന് ഭീഷണിപ്പെടുത്തിയിരുന്നു. കഞ്ചാവ്, ലഹരി സംഘങ്ങളുടെ കേന്ദ്രമായ മേഖലയിൽ ഗുണ്ടാ സംഘങ്ങളുടെ വരവും പോക്കും ഇടപാടുകളുമെല്ലാം സംഘർഷത്തിന് ഇടയാക്കിയിരുന്നു. രണ്ട് പതിറ്റാണ്ട് മുമ്പ് ഗുണ്ടാസംഘങ്ങളും ഗുണ്ടാനേതാക്കളും അഴിഞ്ഞാടിയിരുന്ന സ്ഥലമാണ് മുണ്ടൂർ, വരടിയം, കൊട്ടേക്കാട് മേഖലകൾ.
പൊലീസിന്റെ നിരന്തരമായ പരിശോധനകളും അറസ്റ്റും കാപ്പ നിയമവുമെല്ലാം കാരണം ഗുണ്ടാനേതാക്കൾ പലരും വർഷങ്ങളോളം ജയിലിലായി. ചില ഗുണ്ടാത്തലവൻമാർ
കൊല്ലപ്പെട്ടതോടെ ഏതാനും വർഷങ്ങളായി കൊലപാതകങ്ങളുണ്ടായില്ല. സംഘട്ടനങ്ങൾ പതിവായിരുന്നു. മുൻകാലങ്ങളിൽ മദ്യമായിരുന്നു ഗുണ്ടകളെ വളർത്തിയിരുന്നതെങ്കിൽ അടുത്ത കാലത്ത് കഞ്ചാവും മയക്കുമരുന്നും മറ്റ് ന്യൂജൻ ലഹരിവസ്തുക്കളുമാണ് ഗുണ്ടകൾക്ക് വളക്കൂറുള്ള മണ്ണ് ഒരുക്കുന്നതെന്ന് പൊലീസ് പറയുന്നു.
ഒരാഴ്‌ചയ്‌ക്കിടെ മൂന്നാമത്തെ കൊലപാതകം
കഞ്ചാവ് മാഫിയയുടെ ആക്രമണത്തിൽ ഒന്നര ആഴ്ചയ്ക്കിടെ ജില്ലയിൽ കൊല്ലപ്പെട്ടത് മൂന്നു പേർ. വിഷുത്തലേന്ന് പെരിങ്ങോട്ടുകര ചെമ്മാപ്പിള്ളിയിൽ സുഹൃത്തുക്കളുമൊന്നിച്ച് സംസാരിച്ച് നിൽക്കുന്നതിനിടെ സ്ഥലത്തെത്തിയ ഗുണ്ടാ-കഞ്ചാവ് മാഫിയ സംഘം കണ്ണാറ വീട്ടിൽ പ്രതിനെ മർദ്ദിക്കുകയായിരുന്നു.
തുടർന്ന് ചികിത്സയിലിക്കെയാണ് ഇയാൾ മരിച്ചത്. തിരുവനന്തപുരത്ത് സിരീയൽ പ്രവർത്തനങ്ങൾക്ക് സാധനം വാടകയ്ക്ക് കൊടുക്കുന്ന പ്രതിൻ അമ്മയോടൊപ്പം വിഷു ആഘോഷിക്കുന്നതിനാണ് നാട്ടിലെത്തിയത്. എന്നാൽ ഇന്നലെ മുണ്ടൂരിൽ രണ്ട് യുവാക്കളുടെ കൊലപാതകം കഞ്ചാവ് കച്ചവടവുമായി ബന്ധപ്പെട്ട് ഒറ്റി കൊടുത്തതിലുള്ള പകയായിരുന്നു. മരിച്ച ക്രിസ്റ്റോ, ശ്യാം എന്നിവരുടെ പേരിൽ നിരവധി കേസുകൾ നിലവിലുണ്ട്. ചെമ്മാപ്പിള്ളിയിലെ കൊലപാതകത്തിൽ ജനപ്രതിനിധിയുടെ മകൻ വരെ പ്രതി പട്ടികയിലുണ്ട്. മുഴുവൻ പേരെ ഇതുവരെയും പിടികൂടാൻ സാധിച്ചിട്ടില്ല.