ഭുവനേശ്വർ: ഒഡിഷയിൽ തന്റെ നേതൃത്വത്തിലെ അഞ്ചാമത് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി നവീൻ പട്നായികിന്റെ മുൻകൂർ ക്ഷണം. ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പു കൂടി നടക്കുന്ന ഒഡിഷയിൽ പോളിംഗ് മൂന്നു ഘട്ടം പിന്നിട്ടതേയുള്ളൂ. മേയ് 23-ന് ലോക്‌സഭാ തിരഞ്ഞെടുപ്പു ഫലത്തിനൊപ്പമേ അസംബ്ളി ഫലവും വരൂ. പക്ഷേ, ഭരിക്കാൻ വേണ്ടുന്ന ഭൂരിപക്ഷം ഇപ്പോഴേ കിട്ടിക്കഴിഞ്ഞെന്നാണ് നവീൻ പട്നായികിന്റെ വിശ്വാസം. ബിജു ജനതാൾ തന്നെ അധികാരത്തിലെത്തുന്നെങ്കിൽ, തുടർച്ചയായ അഞ്ചാം തവണയായിരിക്കും നവീൻ മുഖ്യമന്ത്രി പദത്തിലെത്തുക.
ബാലസോർ ലോക്‌സഭാ മണ്ഡലത്തിലെ ബസ്‌തറിൽ പൊതുയോഗത്തിനിടെ ആയിരുന്നു മോദിക്ക് നവീന്റെ ക്ഷണം. "തിരഞ്ഞെടുപ്പു കഴിഞ്ഞ് എന്റെ മന്ത്രിസഭ വീണുകഴിഞ്ഞ് ഒഡിഷ സന്ദർശിക്കുമെന്നാണ് മോദി നേരത്തേ പറഞ്ഞത്. ഈശ്വരനാഗ്രഹം കൊണ്ട് ഇപ്പോൾത്തന്നെ ഭരണത്തിനു വേണ്ട ഭൂരിപക്ഷമായിക്കഴിഞ്ഞു. എല്ലാ വിനയത്തോടുംകൂടി അഞ്ചാമത് ബി.ജെ.ഡി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ അതിഥിയായി പങ്കെടുക്കാൻ ഞാൻ അദ്ദേഹത്തെ ക്ഷണിക്കുകയാണ്"- നവീൻ പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒഡിഷയിൽ ആകെയുള്ള 147 നിയമസഭാ സീറ്റിൽ 117 സീറ്റിൽ വിജയം നേടിയാണ് ബി.ജെ.ഡി സർക്കാർ അധികാരമേറ്റത്. 21-ൽ ഇരുപത് ലോക്‌സഭാ സീറ്റും ബി.ജെ.ഡി നേടിയിരുന്നു.