വ്ലാദിവോസ്റ്റോക്ക് (റഷ്യ): റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും ഉത്തരകൊറിയൻ ഭരണാധികാരി കിം ജോംഗ് ഉന്നും റഷ്യയിൽ കൂടിക്കാഴ്ച നടത്തി. ഇരുവരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയാണ് ഇന്നലെ റഷ്യൻ തുറമുഖ നഗരമായ വ്ലാദിവോസ്റ്റോക്കിൽ വച്ച് നടന്നത്. കിമ്മുമായുള്ള സംഭാഷണത്തിൽ താൻ സന്തോഷവാനാണെന്നും ചർച്ചയിലെ വിവരങ്ങൾ ചൈനയുമായും അമേരിക്കയുമായും പങ്കുവയ്ക്കുമെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം പുടിൻ പറഞ്ഞു. അമേരിക്കയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ കിം നടത്തുന്ന ശ്രമങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കുന്നതായും ആണവനിരായുധീകരണം സംബന്ധിച്ച വിഷയത്തിൽ റഷ്യയ്ക്ക് എന്താണ് ചെയ്യാൻ കഴിയുക എന്ന് പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊറിയൻ ഉപഭൂഖണ്ഡത്തെ ആണവവിമുക്തമാക്കാനുള്ള അമേരിക്കയുടെ ശ്രമങ്ങൾ തുടർച്ചയായി പരാജയപ്പെടുന്നതിനിടയിലാണ് റഷ്യയും ഉത്തരകൊറിയയും തമ്മിലുള്ള ഈ പുതിയ ചങ്ങാത്തം.
ആണവവിഷയത്തിൽ അമേരിക്കയുമായുള്ള ചർച്ച സ്തംഭിച്ചിരിക്കുന്നതിനാൽ, റഷ്യയുടെ പിന്തുണ തേടിയാണ് കിം പുടിനെ കണ്ടത്. ലോകരാജ്യങ്ങൾക്കിടയിൽ അമേരിക്കയുടെ സ്വാധീനത്തെ ചെറുക്കാൻ ഒന്നിച്ചുനിൽക്കുന്നത് സംബന്ധിച്ച് ഇരുനേതാക്കളും ചർച്ചചെയ്തതായാണ് സൂചന. അതേസമയം, കരാറുകളിൽ ഒപ്പുവയ്ക്കുന്നതുപോലുള്ള നിർണായകനീക്കങ്ങൾ നടന്നിട്ടില്ല. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഹാനോയിയിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി നടന്ന ചർച്ച പരാജയപ്പെട്ടതിനുശേഷം ആദ്യമായാണ് കിം ഒരു രാഷ്ട്രനേതാവുമായി കൂടിക്കാഴ്ച നടത്തുന്നത്. പുടിന്റെ നിരന്തരമായ ക്ഷണത്തിനൊടുവിലാണ് കിം റഷ്യയിലെത്തിയതെന്നാണ് റിപ്പോർട്ടുകൾ. ചില സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കാനായി ഇന്നുകൂടി കിം റഷ്യയിൽ തങ്ങുമെന്നാണ് സൂചന.
കഴിഞ്ഞ ആഴ്ച പുതിയ ആയുധപരീക്ഷണം നടത്തിയതായി അവകാശപ്പെട്ട ഉത്തരകൊറിയ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയ്ക്കെതിരെ രൂക്ഷമായ വിമർശനമാണ് നടത്തിയത്. ഉത്തരകൊറിയയ്ക്ക് മേലുള്ള ഉപരോധങ്ങളിൽ അയവ് വരുത്തണമെന്ന് റഷ്യ ഇതിനോടകം തന്നെ ആവശ്യപ്പെട്ടിട്ടുമുണ്ട്.
കൂടിക്കാഴ്ച 8 വർഷങ്ങൾക്ക് ശേഷം
റഷ്യയും ഉത്തരകൊറിയയുമായി അവസാനമായി ഒരു ഉച്ചകോടി നടന്നത് 2011ലാണ്. അന്ന് കിമ്മിന്റെ പിതാവ് കിം ജോംഗ് ഇൽ സൈബീരിയയിലെത്തി റഷ്യൻ പ്രസിഡന്റായിരുന്ന ദിമിത്രി മെദ്‍വദേവുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു.
ഉപരോധത്തിൽ വലഞ്ഞ് ഉത്തരകൊറിയ
1990 മുതൽ രാജ്യത്തിന് മുകളിൽ ഏർപ്പെടുത്തിയിട്ടുള്ള സാമ്പത്തിക ഉപരോധം നീക്കുകയെന്നതാണ് കിമ്മിന്റെ പ്രധാന ലക്ഷ്യം. ലോകരാജ്യങ്ങൾക്കിടയിലേക്ക് വളർന്നുകയറാൻ ഉത്തരകൊറിയയ്ക്ക് വിലങ്ങുതടിയാണ് ഈ സാമ്പത്തിക ഉപരോധം. അമേരിക്കയ്ക്കും ചൈനയ്ക്കും എതിരായുള്ള തുറുപ്പുചീട്ടാണ് റഷ്യയുമായുള്ള ഉത്തരകൊറിയയുടെ സൗഹൃദമെന്നാണ് വിലയിരുത്തൽ.