അങ്ങനെ പ്രിയങ്കയുടെപേര് പറഞ്ഞു പറഞ്ഞ് ഒടുവിൽ വാരണാസി ടിക്കറ്റ് അജയ് റായ്‌ക്കു കിട്ടി. പ്രിയങ്കയെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കുന്ന കാര്യം പാർട്ടി അദ്ധ്യക്ഷൻ രാഹുൽഗാന്ധി തലങ്ങും വിലങ്ങുമിട്ട് ചിന്തിച്ചതാണ്. വാരണാസിയിൽ മത്സരിക്കാൻ താത്പര്യക്കുറവില്ലെന്നു പ്രഖ്യാപിച്ച പ്രിയങ്ക, കുഴപ്പിക്കുന്ന വിഷയത്തിൽ തീരുമാനം അനുജനു വിടുകയായിരുന്നു. യു.പി മഹാസഖ്യത്തിന്റെ പിന്തുണ അവസാന നിമിഷംവരെ പ്രതീക്ഷിച്ചിരുന്നെങ്കിലും വാരണാസിയിൽ സഖ്യം സ്വന്തം സ്ഥാനാർത്ഥിയെ നിറുത്തിയതോടെ അവിടെ പ്രിയങ്കയെ മത്സരിപ്പിക്കുന്നതിലെ അപകടം രാഹുലിന് ശരിക്കും പിടികിട്ടി.
മോദിക്ക് എതിരെ പാർട്ടിയുടെ ചാവേറാകാൻ ആരെക്കിട്ടുമെന്ന് നോക്കി നടന്നപ്പോഴാണ്, 'ഞാൻ റെഡി'യെന്ന് അജയ് റായ് തന്നെ പറഞ്ഞത്. അദ്ദേഹത്തിനാണെങ്കിൽ, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മോദിയെ നേരിട്ടുള്ള മുൻപരിചയവുമുണ്ട്. ദോഷം പറയരുതല്ലോ- അന്ന് ആം ആദ്മി നായകൻ അരവിന്ദ് കേജ്‌രിവാളിനും പിന്നിൽ മൂന്നാം സ്ഥാനം പിടിക്കാൻ അജയ് റായ്‌ക്കു കഴിഞ്ഞിരുന്നു. മോദിക്ക് 5,81,022 വോട്ടും കേജ്‌രിവാളിന് 2,09,238 വോട്ടും കിട്ടിയപ്പോൾ അജയ് റായ്‌ക്കു കിട്ടിയത് 75,614 വോട്ടു മാത്രം. കോൺഗ്രസിന് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ മൂന്നു ശതമാനത്തോളം വോട്ട് കുറയുകയും ചെയ്‌തു.
ഇതൊന്നും കേട്ട് അജയ് റായ് മോശക്കാരനാണെന്നു വിചാരിക്കരുത്. കൊലാസ്‌ല എന്ന ഒരേ മണ്ഡലത്തിൽ നിന്ന് നാലു തവണ എം.എൽ.എ ആയിരുന്നയാളാണ്! പക്ഷേ, ആദ്യത്തെ മൂന്നുവട്ടവും ആശാൻ ബി.ജെ.പിയിലായിരുന്നു. പിന്നെ, സ്വതന്ത്രനായും. 2007-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി ടിക്കറ്റ് കിട്ടാതിരുന്നപ്പോഴായിരുന്നു ആ പരീക്ഷണം. അതു കഴിഞ്ഞ് അജയ് പതിയെ സമാജ്‌വാദി പാർട്ടിയിലെത്തി. യു,പിയിലെ മൊത്തം പ്രശ്‌നങ്ങൾക്കും കാരണം എസ്.പിയാണ് എന്ന് പറഞ്ഞുനടന്ന അജയ് റായ് ആണ് ഇരുട്ടിവെളുക്കുമ്പോഴേക്കും എതിർ പക്ഷത്തെത്തിയത്.
കൊലാസ്‌ല നിയമസഭാ മണ്ഡലം പരമ്പരാഗത കമ്മ്യൂണിസ്റ്റ് കോട്ടയായിരുന്നു. 1962 മുതളുള്ള തിരഞ്ഞെടുപ്പുകളുടെ കണക്കെടുത്താൻ അവിടെ നിന്ന് സി.പി.ഐ സ്ഥാനാർത്ഥി ജയിച്ചത് എട്ടു തവണ- അതും ഒരേയാൾ! ഇടയ്‌ക്ക് 1969, 1985 തിരഞ്ഞെടുപ്പുകളിൽ മാത്രം കോൺഗ്രസ് ജയം. 1993-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ, അതുവരെ മണ്ഡലം ചുവപ്പിച്ചു നിന്ന കമ്മ്യൂണിസ്റ്റ് കരുത്തനായ ഉദ്ദലിനെ താഴെവീഴ്‌ത്തി ബി.ജെ.പിക്കു വേണ്ടി അവിടെ ആദ്യമായി കാവി പാറിച്ചത് അജയ് റായ് ആയിരുന്നു.
വാരണാസിയിൽ 2009-ലായിരുന്നു ലോക്‌സഭയിലേക്ക് അജയ് റായുടെ ആദ്യമത്സരം. ബി.ജെ.പിയുടെ മുരളി മനോഹർ ജോഷിക്കും ബി.എസ്.പിയുടെ മുഖ്താർ അൻസാരിക്കുമെതിരെ. അന്ന്, ജാതീയമായ അടിയൊഴുക്കുകൾ ശക്തം. ബി.എസ്.പിയെ തോൽപ്പിക്കാൻ റായ് പക്ഷക്കാർ തന്നെ ജോഷിക്കു വോട്ടു ചെയ്‌തെന്നാണ് കേൾവി.
ആ തോൽവിക്കു പിന്നാലെ അജയ് റായ് കൊലാസ്‌ല നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ചു ജയം കണ്ടു. യു.പിയിലെ മണ്ഡലപുനർനിർണയത്തിൽ കൊലാസ്‌ല മണ്ഡലം ഇല്ലാതായ കാലത്ത് അജയ് കോൺഗ്രസിലേക്ക് കൂറുമാറി. 2012-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പിന്ദ്ര മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിൽ മത്സരം. പഴയ കോലാസ്‌ല മണ്ഡലത്തിന്റെ ഭൂരിഭാഗവും ഉൾപ്പെട്ടതായിരുന്നു പുതുതായി രൂപീകരിച്ച പിന്ദ്ര മണ്ഡലം. അജയ് പിന്നെയും ജയിച്ചു. പിന്നീട് 2014-ൽ മോദിക്കെതിരെ മത്സരവും തോൽവിയും. 2017-ലെ അസംബ്ളി തിരഞ്ഞെടുപ്പിൽ പിന്ദ്രയിൽ വീണ്ടും ഭാഗ്യം പരീക്ഷിച്ചെങ്കിലും അത്തവണ വോട്ടർമാർ അജയ്റായെ കൈവിട്ടുകളഞ്ഞു. ബി.ജെ.പിയുടെ അവധേശ്സിംഗ് ആയിരുന്നു എതിർ സ്ഥാനാർത്ഥി.
വാരണാസി ജില്ലയിലാണ് പഴയ കൊലാസ്‌ല മേഖലയും പിന്ദ്ര നിയമസഭാ മണ്ഡലവും. വാരണാസിയിൽ മോദിക്ക് എതിരെ കോൺഗ്രസിന്റെ സ്ഥിരം സമരനായകനാണ് റായ്. ഇത്തവണ എസ്.പി, ബി.എസ്.പി, ആർ.എൽ.ഡി സഖ്യത്തിന്റെ സ്ഥാനാർത്ഥിയായി വാരണാസിയിൽ ശാലിനി യാദവുമുണ്ട്. മേയ് 19-നാണ് വാരണാസിയിലെ വോട്ടടെപ്പ്.