തിരുവനന്തപുരം: ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങളായ നേമം, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലെ വോട്ടുകളിലൂടെ കുമ്മനം രാജശേഖരൻ വൻഭൂരിപക്ഷത്തിൽ തിരുവനന്തപുരത്ത് വിജയിക്കുമെന്ന് ബി.ജെ.പി നേതൃത്വം. ശബരിമല വിഷയം ഏറ്റവും അധികം സ്വാധീനിച്ചിട്ടുള്ള മണ്ഡലങ്ങളിൽ ഒന്നാണ് തിരുവനന്തപുരം. ആർ.എസ്.എസ് നേരിട്ടിറങ്ങി കുമ്മനത്തിന് വേണ്ടി പ്രചാരണം നടത്തിയ മണ്ഡലത്തിൽ. എന്ത് വില കൊടുത്തും കുമ്മനത്തെ ജയിപ്പിക്കാൻ തങ്ങളുടെ സംഘടനാ സംവിധാനം മുഴുവൻ ബി.ജെ.പി ഉപയോഗിച്ചിരുന്നു.
കുറഞ്ഞത് പതിനയ്യായിരം വോട്ടിന്റെയെങ്കിലും ഭൂരിപക്ഷത്തിൽ യു.ഡി.എഫിന്റെ ശശി തരൂരിനെ മലർത്തിയടിക്കും എന്നാണ് ബി.ജെ.പിയുടെ വിലയിരുത്തൽ. ശശി തരൂരിന് അനുകൂലമായ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം നടന്നാൽപോലും കുമ്മനം നേരിയ മാർജിനിൽ ജയിച്ചു കയറുമെന്ന് ബി.ജെ.പി കരുതുന്നു. ന്യൂനപക്ഷ വോട്ടുകൾ തരൂരിലേക്ക് ഒഴുകിയാലും കുമ്മനത്തിന് അത് മറികടക്കാൻ നേമം, വട്ടിയൂർക്കാവ് എന്നീ മണ്ഡലങ്ങളിലെ വോട്ട് കൊണ്ട് സാധിക്കും. ഈ രണ്ട് മണ്ഡലങ്ങളിലും ഞെട്ടിക്കുന്ന ഭൂരിപക്ഷം കുമ്മനത്തിന് ലഭിക്കുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ.
തിരുവനന്തപുരത്ത് ഏറ്റവും കൂടുതൽ വോട്ട് പോൾചെയ്ത മണ്ഡലങ്ങളിൽ മൂന്നാമതാണ് നേമം. 1,41,350 വോട്ടുകളാണ് ഇവിടെ പോൾ ചെയ്യപ്പെട്ടത്. എന്നാൽ വട്ടിയൂർക്കാവിലും തിരുവനന്തപുരത്തും ബി.ജെ.പി പ്രതീക്ഷിച്ച മുന്നേറ്റം വോട്ടിംഗിൽ ഉണ്ടായിട്ടില്ല എന്നത് ബി.ജെ.പിയെ ആശങ്കയിലാക്കുന്നുമുണ്ട്.
ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിൽ മണ്ഡലത്തിൽ വലിയ തോതിലുളള അടിയൊഴുക്ക് നടന്നിട്ടുണ്ട്. സി.പി.എമ്മിൽ നിന്നും കോൺഗ്രസിൽ നിന്നും കുമ്മനം രാജശേഖരന് വോട്ട് ലഭിച്ചിട്ടുണ്ട് എന്ന് ബി.ജെ.പി കരുതുന്നു. ശബരിമല വിഷയത്തിൽ സർക്കാർ നടപടികളോട് എതിർപ്പുള്ള നിഷ്പക്ഷ വോട്ടുകളും കുമ്മനത്തിന് സമാഹരിക്കാൻ സാധിച്ചിട്ടുണ്ട് എന്നാണ് വിലയിരുത്തൽ.
ഇത്തവണ ബി.ജെ.പിക്കെതിരെ ക്രോസ് വോട്ടിംഗ് നടന്നിട്ടില്ല എന്നതും വിജയ സാദ്ധ്യത വർദ്ധിപ്പിക്കുന്നു. ഇടത് പക്ഷത്തിന്റെ രാഷ്ട്രീയ വോട്ടുകളെല്ലാം സി. ദിവാകരന് തന്നെ വീണിട്ടുണ്ട് എന്നാണ് ബി.ജെ.പി വിലയിരുത്തൽ.