hema

കൊളംബോ: സ്ഫോടന പരമ്പരകളിൽ വലിയ സുരക്ഷാ വീഴ്ചകളുണ്ടെന്ന റിപ്പോർട്ടുകൾക്ക് പിറകെ ശ്രീലങ്കയിലെ പ്രതിരോധ സെക്രട്ടറി ഹേമസിരി ഫെർണാണ്ടോ രാജിവച്ചു. കഴിഞ്ഞ ഞായറാഴ്ച ശ്രീലങ്കയിൽ നടന്ന 359 പേരുടെ മരണത്തിനിടയാക്കിയ ചാവേറാക്രമണത്തിൽ സുരക്ഷാവീഴ്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിയെന്നാണ് റിപ്പോർട്ടുകൾ. പ്രതിരോധ സെക്രട്ടറിയോടും ഇൻസ്പെക്ടർ ജനറൽ ഒഫ് പൊലീസ് പുജിത് ജയസുന്ദരയോടും രാജിവയ്ക്കാൻ പ്രസിഡന്റ് മൈത്രിപാല സിരിസേന കഴിഞ്ഞദിവസം ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇരുവരും തങ്ങളുടെ ചുമതലകൾ പാലിക്കുന്നതിൽ ചൂണ്ടിക്കാണിച്ചായിരുന്നു രാജി ആവശ്യം. അതേസമയം,​ സ്വന്തം നിലയിൽ യാതൊരു പിഴവും ഉണ്ടായിട്ടില്ലെന്നാണു പ്രതിരോധ സെക്രട്ടറിയുടെ നിലപാട്.

ആക്രമണം ഉണ്ടായേക്കുമെന്ന് നേരത്തേ തന്നെ രഹസ്യാന്വേഷണ വിഭാഗങ്ങൾ മുന്നറിയിപ്പ് നൽകിയിട്ടും തടയാൻ സാധിക്കാതിരുന്നത് വലിയ വീഴ്ചയാണെന്നാണ് വിലയിരുത്തൽ. ഈസ്റ്റർ ദിനത്തിൽ പള്ളികളിലും ഹോട്ടലുകളിലുമായി നടന്ന ചാവേർബോംബ് സ്ഫോടനങ്ങളിൽ 359 പേരാണ് ശ്രീലങ്കയിൽ കൊല്ലപ്പെട്ടത്. തുടർന്നും പലയിടത്തും ബോംബ് സ്ഫോടനമുണ്ടായി.

 വീണ്ടും സ്ഫോടനം

കൊളംബോയിൽനിന്ന് 40 കിലോമീറ്റർ കിഴക്കുള്ള പുഗോഡ നഗരത്തിൽ വീണ്ടും സ്‌ഫോടനം. ആർക്കും അപകടം സംഭവിച്ചതായി റിപ്പോർട്ടില്ല. പുഗോഡയിലെ മജിസ്ട്രേട്ട് കോടതിക്ക് സമീപമുള്ള ആളൊഴിഞ്ഞ പ്രദേശത്തായിരുന്നു സ്ഫോടനമുണ്ടായത്. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണെന്ന് ഔദ്യോഗിക വക്താവ് റുവാൻ ഗുണശേഖര വാർത്താ ഏജൻസിയോട് പറഞ്ഞു.

 ക്രൈസ്തവദേവാലയങ്ങൾ അടച്ചു

സുരക്ഷാഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ശ്രീലങ്കയിലെ കത്തോലിക്കാ പള്ളികൾ അനിശ്ചിതകാലത്തേക്ക് അടച്ചു. സുരക്ഷാസേനയുടെ നിർദ്ദേശത്തെത്തുടർന്നാണ് തീരുമാനം. ഈ സാഹചര്യത്തിലാണ് സുരക്ഷാ മുൻകരുതൽ. എന്നാൽ, ശവസംസ്കാരച്ചടങ്ങുകൾക്ക് തീരുമാനം ബാധകമല്ല.