heavy-rain

തിരുവനന്തപുരം: തമിഴ്നാട് തീരത്ത് രൂപം കൊണ്ട രണ്ട് ന്യൂനമർദ്ദങ്ങൾ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് കാരണമാകുമെന്ന് മുന്നറിയിപ്പ്. തിങ്കൾ,​ ചൊവ്വ,​ ബുധൻ ദിവസങ്ങളിൽ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധർ അറിയിക്കുന്നത്. ഇതിനെത്തുടർന്ന് എറണാകുളം, ഇടുക്കി, മലപ്പുറം, തൃശ്ശൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ശ്രീലങ്കൻ തീരത്ത് രൂപപ്പെട്ട ന്യൂനമർദ്ദത്തിന് പുറമേ തെക്ക് കിഴക്കൻ‍ ശ്രീലങ്കയോട് ചേർന്ന് നാളെയോടെ ഒരു ന്യൂനമർദ്ദം കൂടി രൂപപ്പെടും എന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചത്. ഇത് 36 മണിക്കൂറിനുള്ളിൽ അതിതീവ്ര ന്യൂനമര്‍ദമാകും. തമിഴ്നാട് തീരത്ത് ഇത് ചുഴലിക്കാറ്റിനും കാരണമായേക്കും. ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കില്ലെങ്കിലും തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെ കേരളത്തിൽ ശക്തമായ മഴ ഉണ്ടാകും.

നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചതിന് പിന്നാലെ 9 ജില്ലകളിൽ ഉരുൾപൊട്ടലിനും സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് . കടല്‍ പ്രക്ഷുബ്ധമാകാനിടയുള്ളതിനാൽ മത്സ്യതൊഴിലാളികൾ ജാഗ്രത പുലർത്തണം. സംസ്ഥാനത്തിന്റെ തെക്കൻ തീരത്തും കന്യാകുമാരി, തമിഴ്നാട് തീരങ്ങളിലും മത്സ്യതൊഴിലാളികൾകടലില്‍പോകരുതെന്ന് കാലാവസ്ഥാ കേന്ദ്രം നിർദ്ദേശിച്ചു. ആഴക്കടലിൽമത്സ്യബന്ധനത്തിന് പോയിട്ടുള്ളവർ തൊട്ടടുത്ത തീരത്തേക്ക് ഉടൻ മടങ്ങിവരണം. അതിനിടെ സംസ്ഥാനത്തുടനീളം രൂക്ഷമായ കടല്‍ക്ഷോഭം തുടരുകയാണ്.

തിരുവനന്തപുരം ജില്ലയിൽ വലിയതുറ മുതൽ അഞ്ചുതെങ്ങ് വരെയുള്ള പ്രദേശങ്ങളിൽ തീരത്തേക്ക് കടൽകയറി. തീരത്ത് താമസിക്കുന്നവർ ശ്രദ്ധിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.