തൃശൂർ: കേരളത്തിലെമ്പാടും ആരാധകരുള്ള കൊമ്പൻ തെച്ചിക്കോട്ട് രാമചന്ദ്രനെ തൃശൂർ പൂരത്തിന് എഴുന്നള്ളിക്കാൻ വിലക്ക്. തൃശൂർ കളക്ടർ ടി വി അനുപമയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന നാട്ടാന നിരീക്ഷണസമിതിയോഗം വിലക്ക് തുടരാൻ തീരുമാനിക്കുകയായിരുന്നു. രാമചന്ദ്രൻ എപ്പോൾ വേണമെങ്കിലും ഇടയാൻ സാഹചര്യം ഉണ്ടെന്നും അതുകൊണ്ട് തന്നെ പൂരത്തിന് എഴുന്നള്ളിക്കാനുള്ള അനുമതി നൽകാനാവില്ലെന്നും ടി.വി അനുപമ വ്യക്തമാക്കി.
ചെറിയ ശബ്ദം പോലും കേട്ടാൽ ഭയക്കുന്ന അവസ്ഥയുണ്ടെന്ന് കണ്ടെത്തിയതോടെയാണ് ഫെബ്രുവരിയിൽ തെച്ചിക്കോട്ട് കാവ് രാമചന്ദ്രന് വിലക്കേർപ്പെടുത്തിയത്. എന്നാൽ തൃശൂർ പൂരത്തിന് തിടമ്പേറ്റാൻ രാമചന്ദ്രൻ വേണമെന്ന വികാരം ആനപ്രേമികൾക്കിടയിൽ ശക്തമാണ്. ഈ ആവശ്യവുമായി ആനപ്രമികളുടെ സംഘടനകൾ നിവേദനങ്ങളുമായി ഒാഫീസുകൾ കയറി ഇറങ്ങി. എന്നാൽ ഇന്ന് എടുത്ത തീരുമാനം ഇവർക്ക് തിരിച്ചടിയായി.
അമ്പത് വയസ് പ്രായത്തിനുള്ളിൽ രാമചന്ദ്രൻ 13 പേരെയാണ് കൊന്നത്. ഫെബ്രവരി എട്ടാം തിയ്യതിയാണ് രാമചന്ദ്രൻ അവസാനമായി ഇടഞ്ഞത്. പടക്കം പൊട്ടിക്കുന്ന ശബ്ദം കേട്ട് രാമചന്ദ്രൻ ഒാടുന്നതിനിടെ സമീപത്ത് നിൽക്കുകയായിരുന്ന കണ്ണൂർ സ്വദേശി ബാബു, കോഴിക്കോട് നരിക്കുനി സ്വദേശി ഗംഗാധരൻ എന്നിവരാണ് മരണപ്പെട്ടത്. ഇതിന് ശേഷം രാമചന്ദ്രന് വിലക്കേർപ്പെടുത്തുകയായിരുന്നു. ആനപ്രേമികളുടെ പ്രതിഷേധത്തെ തുടർന്ന് പ്രശ്നം പരിഹരിക്കാൻ ശ്രമിക്കാമെന്ന് മന്ത്രി സുനിൽ കുമാർ അറിയിച്ചിട്ടുണ്ട്.