1. തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യുനമര്‍ദ്ദം ചുഴലിക്കാറ്റായി രൂപപ്പെടാന്‍ സാധ്യതയുണ്ട് എന്ന് മുന്നറിയിപ്പ്. ഇന്ത്യന്‍ മഹാ സമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്ത് ദക്ഷിണ ബംഗാള്‍ ഉള്‍ക്കടിലില്‍ തെക്ക് കിഴക്കന്‍ ശ്രീലങ്കയോട് ചേര്‍ന്നുള്ള സമുദ്ര ഭാഗത്ത് നാളെയോട് കൂടി ഒരു ന്യൂനമര്‍ദം രൂപപ്പെടാനും അടുത്ത 36 മണിക്കൂറില്‍ അതൊരു തീവ്ര ന്യൂനമര്‍ദമായി പരിണമിക്കാനുമുള്ള സാധ്യത കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു. ഒരു ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുള്ള ഈ ന്യൂനമര്‍ദം തമിഴ്നാട് തീരത്ത് നാശം വിതക്കാനുള്ള സാധ്യതയുണ്ട്.
2. ഏപ്രില്‍ 30 നോട് കൂടി തമിഴ്നാട് തീരത്ത് പതിക്കാന്‍ സാധ്യതയുള്ള സിസ്റ്റം കേരളത്തിലും കര്‍ണാടക തീരത്തും ശക്തമായ മഴ നല്‍കാനിടയുണ്ട്. ഏപ്രില്‍ 29, 30, മെയ് 1 തീയതികളില്‍ കേരളത്തില്‍ പലയിടത്തും ശക്തമായ മഴക്കുള്ള സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നു എന്ന പശ്ചാത്തലത്തില്‍ ഈ ന്യുനമര്‍ദ്ദത്തിന്റെ പ്രഭാവത്തില്‍ നാളെ മുതല്‍ കേരളത്തില് ശക്തമായ് കാറ്റ് വീശാന്‍ സാധ്യത ഉണ്ട്. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം മത്സ്യത്തൊഴിലാളികള്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും അതിനോട് ചേര്‍ന്നുള്ള തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും, തമിഴ്നാട് തീരത്തും ഈ കാലയളവില്‍ മത്സ്യബന്ധനത്തിന് പോകരുത്
3. കേരളത്തില്‍ ചില സ്ഥലങ്ങളില്‍ 29ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും എര്‍ണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം എന്നി ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചതായും കാലാവസ്ഥാ കേന്ദ്രം. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, പത്തനംതിട്ട, കോട്ടയം, വയനാട്, കോഴിക്കോട്, പാലക്കാട് എന്നി ജില്ലകളില്‍ ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍് രാത്രി സമയത്ത് മലയോര മേഘലയിലേക്കുള്ള യാത്ര പരമാവധി ഒഴുവാക്കണം. മലയോര മേഘലയിലും ബീച്ചുകളിലും വിനോദ സഞ്ചാരത്തിന് പോകാതിരിക്കുക. കൃത്യമായ അറിയിപ്പുകള്‍ ലഭിക്കുന്നതിനായി മുഖ്യമന്ത്രിയുടെയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും ഫേസ്ബുക്ക് പേജുകള്‍ ശ്രദ്ധിക്കണം എന്നും കാലാവസ്ഥാ കേന്ദ്രം
4. വാരണാസിയില്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ ഇരിക്കെ, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോയില്‍ വന്‍ ജനപങ്കാളിത്തം. ഏഴ് കിലോമീറ്റര്‍ നീളുന്ന റോഡ് ഷോ വലിയ ശക്തിപ്രകടനം ആക്കി കിഴക്കന്‍ യു.പിയില്‍ വലിയ തരംഗം ഉണ്ടാക്കാന്‍ ആണ് ബി.ജെ.പി ശ്രമം. ബനാറസ് ഹിന്ദു സര്‍വകലാശാലയ്ക്ക് സമീപമുള്ള മദന്‍ മോഹന്‍ മാളവ്യയുടെ പ്രതിമയില്‍ പ്രധാനമന്ത്രി ഹാരാര്‍പ്പണം നടത്തി
5. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, അനുപ്രിയ പട്ടേല്‍ തുടങ്ങിയ നേതാക്കള്‍ പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്. റോഡ് ഷോയ്ക്ക് ശേഷം ഗംഗാ ആരതിയിലും ബന്ധപ്പെട്ട പൂജകളിലും പ്രധാനമന്ത്രി പങ്കെടുക്കും. നാളെ നടക്കുന്ന മോദിയുടെ നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണത്തിന് എന്‍.ഡി.എ ഘടകകക്ഷി നേതാക്കളേയും ബി.ജെ.പി പാര്‍ലമെന്ററി ബോര്‍ഡ് അംഗങ്ങളേയും ക്ഷണിച്ചിട്ടുണ്ട്
6. പത്രികാ സമര്‍പ്പണത്തിന് ശേഷം അയോധ്യയിലും റാലി നടത്താന്‍ പ്രധാനമന്ത്രി എത്തും. അടുത്ത മാസം ഒന്നിന് മായാ ബസാറില്‍ ആവും റാലി നടത്തുക. പ്രിയങ്ക ഗാന്ധി വാരണാസിയില്‍ മത്സരിക്കുന്നില്ല എന്ന് കോണ്‍ഗ്രസ് സ്ഥിരീകരിച്ചതോടെ വാരണാസിയില്‍ മോദിക്ക് എതിരെ മത്സരം ഉണ്ടാകില്ല എന്ന് ഉറപ്പായി. അജയ് റായ് ആണ് വാരണാസിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ശാലിനി യാദവ് ആണ് സമാജ്വാദി പാര്‍ട്ടിക്കു വേണ്ടി വാരണാസിയില്‍ നിന്ന് ജനവിധി തേടുന്നത്
7. യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ ബസുടമ സുരേഷ് കല്ലട ചോദ്യം ചെയ്യലിനായി ഹാജരായി. തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസില്‍ എത്തിയ സുരേഷ് കല്ലടയുടെ മൊഴി രേഖപ്പെടുത്തുക ആണ്. ആരോഗ്യ പ്രശ്നം ഉള്ളതിനാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാധിക്കില്ല എന്നായിരുന്നു ആദ്യ ഘട്ടത്തില്‍ സുരേഷ് കല്ലട പറഞ്ഞത്. എന്നാല്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം എന്ന് പൊലീസ് നിര്‍ദ്ദേശം നല്‍കിയതോടെ സുരേഷ് ഹാജരാവുക ആയിരുന്നു
8. അന്വേഷണ ഉദ്യോഗസ്ഥനായ മരട് സി.ഐയുടെ ഓഫീസില്‍ ഹാജരാകാന്‍ ആയിരുന്നു സുരേഷ് കല്ലടയ്ക്ക് നോട്ടീസ് നല്‍കിയിരുന്നത്. ചോദ്യം ചെയ്യലിന് ഇന്നും കൂടി ഹാജരായില്ലെങ്കില്‍ കടുത്ത നിയമ നടപടി സ്വീകരിക്കാന്‍ ആയിരുന്നു പൊലീസ് നീക്കം. സംഭവത്തില്‍ ഇതുവരെ അറസ്റ്റിലായവരെയും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനും പൊലീസ് നടപടികള്‍ തുടങ്ങി.
9. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന പി.എം മോദി എന്ന ചലച്ചിത്രം മേയ് 19ന് മുമ്പ് റിലീസ് ചെയ്യരുതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍. സ്വതന്ത്രവും സുതാര്യവുമായി തിരഞ്ഞെടുപ്പ് നടക്കാനാണ് ഈ നിര്‍ദേശം. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട് തിങ്കളാഴ്ച മുദ്രവച്ച കവറില്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. അതേസമയം, ചിത്രത്തിന്റെ റിലീസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും.
10. സുപ്രീം കോടതി നിര്‍ദേശ പ്രകാരം ഏപ്രില്‍ 17ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗങ്ങള്‍ക്കായി ചിത്രത്തിന്റെ പ്രത്യേക സ്‌ക്രീനിംഗ് നടന്നിരുന്നു. ചിത്രം കണ്ട് 22നകം റിപ്പോര്‍ട്ട് നല്‍കണം എന്നാണ് കോടതി ആവശ്യപ്പെട്ടിരുന്നത്. നരേന്ദ്ര മോദിയുടെ പ്രധാനമന്ത്രി പദവിയിലേക്കുള്ള യാത്ര വരെയുള്ള ജീവിതമാണ് സിനിമയില്‍ വിവരിക്കുന്നത്. ഗുജറാത്ത്, ഉത്തരാഖണ്ഡ്, മുംബയ് എന്നിവിടങ്ങളിലാണ് പിഎം മോദിയുടെ ചിത്രീകരണം നടന്നത്. വിവേക് ഒബ്രോയിയാണ് ചിത്രത്തില്‍ മോദിയായി എത്തുന്നത്.