ഓച്ചിറ: അഴീക്കൽ ബീച്ചിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർത്ഥികളെ ശക്തമായ തിരയിൽപെട്ട് കാണാതായി. ഓച്ചിറ കുറുങ്ങപ്പള്ളി സ്വദേശികളായ തയ്യിൽ പ്രഭാകരന്റെ മകൻ സച്ചിൻ (16), അയൽവാസി കുമ്പഴ തെക്കതിൽ ചന്ദ്രബാബുവിന്റെ മകൻ നിഥിൻ (16) എന്നിവരെയാണ് കാണാതായത്. കൂടെ ഇറങ്ങിയ കുറുങ്ങപ്പള്ളിൽ വാഴുവേലിൽ മേക്കതിൽ വിഷ്ണുവിനെ ലൈഫ് ഗാർഡുകളും നാട്ടുകാരും ചേർന്ന് രക്ഷിച്ച് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മഠത്തിൽ ബി.ജെ.വി.എം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളായ അഞ്ചംഗ സംഘം ഇന്നലെ ഉച്ചക്ക് രണ്ടു മണിക്കാണ് അഴീക്കൽ ബീച്ചിൽ എത്തിയത്. വേലിയേറ്റ സമയത്ത് കുളിക്കാനിറങ്ങിയ മൂന്നു പേരിൽ രണ്ടു പേർ ശക്തമായ തിരയിൽ പെടുകയായിരുന്നു. ഫയർഫോഴ്സും ലൈഫ് ഗാർഡുകളും കടലിൽ തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. കാലാവസ്ഥ മോശമായതിനാൽ ഇന്നലത്തെ തെരച്ചിൽ നിറുത്തിവച്ചു.

രണ്ടു ദിവസമായി ശക്തമായ തിരമാലകളാണ് അഴീക്കൽ ബീച്ചിൽ അനുഭവപ്പെടുന്നത്. ബുധനാഴ്ച അഴീക്കൽ സ്വദേശി സ്റ്റാലിന്റെ മത്സ്യബന്ധന ബോട്ട് എൻജിൻ തകരാറിനെ തുടർന്ന് തിരയിൽപ്പെട്ട് പുലിമുട്ടിൽ ഇടിച്ച് തകർന്നിരുന്നു.