election-

കോഴിക്കോട്:കോഴിക്കോടും വടകരയും ഉൾപ്പെടെ എട്ട് ലോക്‌സഭാ മണ്ഡലങ്ങളിൽ ബി.ജെ.പി കോൺഗ്രസിനായി വോട്ട് കച്ചവടം നടത്തിയെന്ന സി. പി. എമ്മിന്റെ ആരോപണത്തെ ചൊല്ലിയുള്ള തർക്കത്തിൽ മുസ്ളിം ലീഗും ചേർന്നതോടെ രംഗം കൂടുതൽ കൊഴുത്തു.

വോട്ട് കച്ചവടം നടത്തിയെന്ന ആരോപണം ആദ്യം ഉന്നയിച്ചത് സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനനാണ്. കോഴിക്കോട്ടും വടകരയിലും ബി.ജെ.പി വോട്ടുകൾ എം.കെ രാഘവനും കെ. മുരളീധരനും നൽകിയെന്നും മൊത്തം എട്ട് മണ്ഡലങ്ങളിൽ ബി.ജെ.പിയുമായി യു.ഡി. എഫ് ധാരണ ഉണ്ടാക്കിയെന്നുമായിരുന്നു ആരോപണം.

ഇടത് മുന്നണി ഇത് മുൻകൂട്ടി കണ്ടാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. സംഘ്പരിവാറിന്റെ അക്രമങ്ങളെക്കുറിച്ച് എം.കെ രാഘവൻ ഒന്നും പറയാതിരുന്നത് വോട്ട് കച്ചവടത്തിന്റെ ധാരണ കാരണമാണ്. തിരഞ്ഞെടുപ്പ് ദിവസങ്ങളിൽ എൻ.ഡി.എ പ്രവർത്തകർ സജീവമായിരുന്നില്ലെന്നും പി. മോഹനൻ പറഞ്ഞു.

സി.പി.എം പരാജയ ഭീതി മൂലമാണ് ഈ ആരോപണം ഉന്നയിക്കുന്നതെന്ന് ബി.ജെ. പി ജില്ലാ പ്രസിഡന്റ് ടി.പി ജയചന്ദ്രൻ പറഞ്ഞു. വോട്ട് കച്ചവടമെന്നത് പിതൃശൂന്യമായ ആരോപണമാണ്. അത് ജനം പുച്ഛിച്ച് തള്ളും. ബി.ജെ.പി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത് മുതൽ തുടങ്ങിയതാണ് ഈ ആരോപണം. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാൻ എത്തിയതോടെ ആരോപണത്തിൽ നിന്ന് പിന്മാറിയിരുന്നു. ഇപ്പോൾ തോൽക്കുമെന്ന് വന്നതോടെ വീണ്ടും രംഗത്ത് വന്നിരിക്കുകയാണ് അദ്ദേഹം പറഞ്ഞു.

കോഴിക്കോട്ടും വടകരയിലും സി.പി.എം വോട്ടുകൾ ചോർന്നതായി ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് ഉമ്മർ പാണ്ടികശാല പറഞ്ഞു. യു.ഡി.എഫും ബി.ജെ.പിയും വോട്ട് കച്ചവടം നടത്തിയെന്ന ആരോപണം ഇത് മറച്ച് വയ്‌ക്കാനുള്ള ന്യായമാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിക്കും സി.പി.എമ്മിനും വോട്ടു ചെയ്തിരുന്ന ഒട്ടേറെ പേർ ഇത്തവണ യു.ഡി.എഫിനെ സഹായിച്ചു. ഇതിൽ എൽ.ഡി.എഫ് പ്രവർത്തകരും അനുഭാവികളും ഉണ്ട്. പോളിംഗ് വർദ്ധിച്ചതിന്റെ കാരണവും ഇതാണ്. പലയിടത്തും വോട്ടെടുപ്പ് ദിവസം സി. പി. എം പ്രവർത്തകർ നിസംഗരായിരുന്നു. കോഴിക്കോട് ജില്ലയിലെ രണ്ട് സീറ്റുകളും നിലനിറുത്തുമെന്നും വയനാട് മണ്ഡലത്തിലെ തിരുവമ്പാടി അസംബ്ലി മണ്ഡലത്തിൽ രാഹുൽ ഗാന്ധിക്ക് തകർപ്പന്‍ ഭൂരിപക്ഷം കിട്ടുമെന്നും പാണ്ടികശാല പറഞ്ഞു.