ന്യൂഡൽഹി: എൻ.ഡി.തിവാരിയുടെ മകൻ രോഹിത് തിവാരിയുടെ കൊലപാതക കേസിൽ അറസ്റ്റിലായ ഭാര്യ അപൂർവയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് അമ്മ ഉജ്വല. അപൂവവ്വയ്ക്ക് വിവാഹത്തിന് മുമ്പ് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നു. കുടുംബത്തിലെ സ്വത്ത് തട്ടിയെടുക്കാൻ വേണ്ടിയാണ് രോഹിതിനെ കൊലപ്പെടുത്തിയതെന്നും ഉജ്ജ്വല ആരോപിച്ചു.
2017ലാണ് രോഹിതും അപൂർവയും തമ്മി. പരിചയപ്പെടുന്നത്. ഒരു വർഷത്തിന് ശേഷം 2018 ഏപ്രിലിലാണ് ഇവർ വിവാഹിതരാകുന്നത്. എന്നാൽ ഇവർതമ്മിൽ കലഹം പതിവായിരുന്നുവെന്നും പലതവണ വിവാഹമോചനത്തിന് ശ്രമിച്ചിരുന്നു. വീട്ടിൽ തന്നെ രണ്ടുമുറിയിലായാണ് ഇവർ താമസിച്ചിരുന്നതെന്നും അമ്മ ഉജ്വല പറഞ്ഞു.
ഈ മാസം 16നാണ് രോഹിത് ശേഖറിനെ ഡൽഹിയിലെ ഡിഫൻസ് കോളനിയിലെ വസതിയിൽ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിൽ വച്ച് അദ്ദേഹം മരിച്ചു. അന്വേഷണത്തിൽ സംഭവം കൊലപാതകമാണെന്ന് കണ്ടെത്തുകയും തെളിവുകളുടെ അടിസ്ഥാനത്തിൽ രോഹിതിന്റെ ഭാര്യ അപൂർവ്വയെ പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
രോഹിത് തിവാരിയെ കൊലപ്പെടുത്തിയത് ബന്ധുവായ യുവതിയുമായി മദ്യം കഴിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്നാണ് എന്നാണ് അപൂർവ മൊഴി നല്‍കിയിരിക്കുന്നത്. തലയണ ഉപയോഗിച്ചു ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയത്. ഉത്തരാഖണ്ഡിൽ വോട്ട് ചെയ്യാൻപോയ രോഹിത് മടക്കയാത്രയിൽ ബന്ധുവിന്റെ ഭാര്യയുമായി മദ്യം കഴിച്ചിരുന്നു. ഈ സമയം അപൂർവ ഭര്‍ത്താവിനെ വീഡിയോ കോൾ ചെയ്യുകയും ബന്ധുവായ സ്ത്രീക്കൊപ്പം മദ്യം കഴിക്കുന്നത് കാണുകയും ചെയ്തു. ഇതിനു ശേഷം രോഹിത് രാത്രി വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ മദ്യം കഴിച്ചതിനെച്ചൊല്ലി വഴക്കുണ്ടായി. മദ്യ ലഹരിയിലായിരുന്ന രോഹിത് രൂക്ഷമായ വാക്കുതർക്കത്തിനു ശേഷം താഴത്തെ നിലയിലെ തന്റെ കിടപ്പുമുറിയിലേക്കുപോയി. ഇവിടെവച്ച് ഇരുവരും തമ്മിൽ സംഘർഷം ഉണ്ടായി. കിടക്കയിലേക്കു വീണ രോഹിതിനെ അപൂർവ തലയണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഡൽഹി അഡീഷണൽ പൊലീസ് കമ്മീഷണർ രാജീവ് രഞ്ജൻ പറഞ്ഞു.