കുന്നത്തൂർ:ആത്മീയ അടിത്തറയിലൂടെ മാത്രമേ ഭൗതികമായി വളരാൻ സാധിക്കൂവെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കുന്നത്തൂർ യൂണിയനിൽപ്പെട്ട 2410ാം നമ്പർ ശൂരനാട് വടക്ക് നടുവിലേമുറി ശാഖയിൽ ശ്രീനാരായണ പഞ്ചലോഹ വിഗ്രഹക്ഷേത്ര സമർപ്പണത്തോടനുബന്ധിച്ച് നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആത്മീയ അടിത്തറയിലൂടെയാണ് ഗുരുദേവൻ നമ്മളെ വളർത്തിയത്. നമുക്ക് വഴി നടക്കാനും ക്ഷേത്രത്തിൽ കയറാനും പൂജ നടത്താനും വിദ്യാഭ്യാസം ചെയ്യുന്നതിനുമടക്കമുള്ള അവകാശം നേടി തന്നത് അദ്ദേഹത്തിന്റെ ത്യാഗോജ്ജ്വല പ്രവർത്തനങ്ങളാണ്. എസ്.എൻ.ഡി.പി യോഗത്തിലൂടെ മാത്രമേ നമുക്ക് ശുഭവും നന്മയും കൈവരിക്കാൻ കഴിയുകയുള്ളു.എന്നാൽ ചിലർ കരുതിക്കൂട്ടി യോഗത്തെ തകർക്കാൻ ശ്രമിക്കുകയാണ്. മൈക്രോ ഫിനാൻസ് നടപ്പാക്കിയതു വഴി ഏറ്റവും കൂടുതൽ പഴി കേട്ടത് താനാണ്.പദ്ധതി നടപ്പാക്കിയതുവഴി അഞ്ചു പൈസപോലും ആരും തന്നിട്ടില്ല. പദ്ധതിയുടെ പേരിൽ കണ്ണീർ കുടിപ്പിച്ചതല്ലാതെ ആരും പൂമാലയിട്ടിട്ടില്ലെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.
ചടങ്ങിൽ ശാഖാ പ്രഡിഡന്റ് ടി.മധു അധ്യക്ഷത വഹിച്ചു.ഓഫീസ് കെട്ടിടത്തിന്റെ സമർപ്പണം യൂണിയൻ പ്രസിഡന്റ് ഡോ.പി കമലാസനനും ലൈബ്രറി സമർപ്പണം യൂണിയൻ സെക്രട്ടറി ശ്രീലയം ശ്രീനിവാസനും നിർവഹിച്ചു.കുന്നത്തൂർ യൂണിയൻ വൈസ് പ്രസിഡന്റ് എസ്.ശ്രീകുമാർ,ഡയറക്ടർ ബോർഡ് അംഗങ്ങളായ വി.ബേബി കുമാർ, അഡ്വ.പി.സുധാകരൻ,കൗൺസിലർമാരായ എൻ.തങ്കപ്പൻ,റാം മനോജ്, എൻ.ശിവദാസൻ,കുന്നത്തൂർ പ്രേം ഷാജി,നെടിയവിള സജീവൻ, അഡ്വ.സുഭാഷ് ചന്ദ്രബാബു,ശാഖാ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം രാജേഷ് സാരംഗി എന്നിവർ സംസാരിച്ചു.ശാഖാ സെക്രട്ടറി എസ്.അജയകുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് കൃഷ്ണപ്രകാശ് നന്ദിയും പറഞ്ഞു.
രാവിലെ 10.25 നും 10.55 മധ്യേ ജീവകലശമെഴുന്നള്ളിച്ച് ഗുരുദേവ തൃപ്പാദ പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠ നടത്തി.ക്ഷേത്രാചാര്യൻ വിശാലാനന്ദ സ്വാമി, ക്ഷേത്രം തന്ത്രി സുജിത്ത് എന്നിവർ കാർമികത്വം വഹിച്ചു.