rss

കൊച്ചി: തിരഞ്ഞെടുപ്പ് പ്രചരണത്തിൽ ആർ.എസ്.എസ് മുന്നിട്ട് നിന്നെന്നും സംസ്ഥാനത്ത് രണ്ടിടങ്ങളിൽ ബി.‌ജെ.പി വിജയിക്കുമെന്നും കൊച്ചിയിൽ ചേർന്ന ആർ.എസ്.എസ് നേതൃയോഗം വിലയിരുത്തി. ശബരിമല വിഷയം വലിയതോതിൽ തിരഞ്ഞെടുപ്പിൽ സ്വാധീനിക്കും. തിരുവനന്തപുരത്തും പത്തനംതിട്ടയിലും ബി.ജെ.പി വിജയിക്കുമെന്നും യോഗം വിലയിരുത്തി.

സംസ്ഥാനത്തെ അഞ്ച് എ പ്ലസ് മണ്ഡലങ്ങളിൽ ആര്‍എസ്എസിന്റെ നേതൃത്വത്തിൽ ശക്തമായ പ്രചാരണമാണ് ബി.ജെ.പി നടത്തിയത്. ഇതിൽ തന്നെ തിരുവനന്തപുരത്തും പത്തനംതിട്ടയിലും ത്രികോണമത്സരത്തെ അതിജീവിച്ചും ബി.ജെ.പി സ്ഥാനാർത്ഥികൾ വിജയിക്കുമെന്നാണ് യോഗത്തിലുണ്ടായ പൊതുവികാരം. ശക്തമായ പ്രചരണവും ശബരിമല വിഷയവും ത്രികോണമത്സരത്തിൽ ബി.ജെ.പിക്ക് അനുകൂലമാവുമെന്നും വിലയിരുത്തുന്നു.

ത‌ൃശൂരിൽ സുരേഷ് ഗോപി എത്തിയതോടെ ശക്തമായ മത്സരമാണ് കാഴ്ചവെച്ചത്. തൃശ്ശൂരിലും മറ്റു മണ്ഡലങ്ങളിലും ശക്തമായ രീതിയിൽ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണമുണ്ടായിട്ടുണ്ടെന്നും അത് യു.ഡി.എഫിന് അനുകൂലമായിട്ടാണെങ്കിൽ തൃശൂരിലും മറ്റ് മണ്ഡലങ്ങളിലും ജയിക്കുമെന്നും യോഗം വിലയിരുത്തുന്നു.ആർ.എസ്.എസ് സംസ്ഥാന നേതാക്കളും പോഷക സംഘടനകളുടെ ഭാരവാഹികളും യോഗത്തിൽ പങ്കെടുത്തു. സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള യോഗത്തിന് എത്തിയില്ല.