pm

ന്യൂഡ‍ൽഹി: സ്വതന്ത്രവും സുതാര്യവുമായ രീതിയിൽ തിരഞ്ഞെടുപ്പ് നടത്തുന്നതിനായി ‘പി.എം നരേന്ദ്ര മോദി’ എന്ന സിനിമ മേയ് 19ന് മുൻപ് റിലീസ് ചെയ്യരുതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ആവശ്യപ്പെട്ടു. നിലപാട് തിങ്കളാഴ്ച മുദ്രവച്ച കവറിൽ കമ്മിഷൻ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ചിത്രത്തിന്റെ റിലീസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിർമാതാക്കൾ നൽകിയ ഹർജി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അദ്ധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കും. കോടതിയുടെ നിർദ്ദേശപ്രകാരം ഏപ്രിൽ 17ന് കമ്മിഷൻ അംഗങ്ങൾക്കായി ചിത്രത്തിന്റെ പ്രത്യേക സ്ക്രീനിംഗ് നടത്തിയിരുന്നു. 7 പേരുടെ കമ്മിറ്റിയാണ് സ്ക്രീനിംഗിനെത്തിയത്. ചിത്രം കണ്ട് 22നകം റിപ്പോർട്ട് നൽകണമെന്ന് കോടതി കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നു. ചിത്രം കാണാതെയാണ് കമ്മിഷൻ റിലീസ് തടഞ്ഞതെന്നായിരുന്നു നിർമാതാവ് സന്ദീപ് സിംഗിന്റെ ഹർജി. ബോളിവുഡ് നടൻ വിവേക് ഒബ്റോയിയാണ് ചിത്രത്തിൽ മോദിയായി വേഷമിട്ടിരിക്കുന്നത്.