ന്യൂഡൽഹി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹെലികോപ്ടർ പരിശോധിച്ച ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്ത നടപടി കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തു. ഇത് സംബന്ധിച്ച കേസ് ജൂൺ 3ന് വീണ്ടും പരിഗണിക്കും. ഒഡീഷയിലെ സാംബൽപൂരിൽ വച്ചാണ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് കാണിച്ച് മോദിയുടെ ഹെലികോപ്ടർ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ഐ.എ.എസ് ഓഫീസർ മുഹമ്മദ് മുഹ്സിൻ പരിശോധിച്ചത്. പതിനഞ്ച് മിനിറ്റോളം ഹെലികോപ്‌ടർ തടഞ്ഞു വച്ചിരുന്നു. എസ്.പി.ജി പ്രത്യേക സുരക്ഷയുള്ളവർക്ക് നൽകുന്ന ഇളവുകൾ പരിഗണിക്കാതെ പരിശോധന നടത്തിയെന്നായിരുന്നു മുഹമ്മദ് മുഹ്സിനെതിരെ ആരോപിച്ച കുറ്റം. പരിശോധന മോദിയുടെ യാത്ര വൈകിപ്പിച്ചെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം ഇല്ലാതെ എസ്.പി.ജി സുരക്ഷാ ഉദ്യോഗസ്ഥരെ ഒഴിവാക്കിയാണ് പരിശോധന നടത്തിയതെന്നും അധികൃതർ കണ്ടെത്തിയിരുന്നു. തുടർന്ന് ജില്ലാ കളക്ടറുടെയും ഡി.ഐ.ജിയുടെയും റിപ്പോർട്ട് പ്രകാരം തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കുകയായിരുന്നു.