ചാരുംമൂട്: റോഡ് മറികടന്ന പാമ്പിനെ 'ഫോളോ' ചെയ്ത കീരിക്കു പിന്നാലെ കൂടിയ നാട്ടുകാർ കണ്ടെത്തിയത് മൂർഖൻ ഫാമിലിയെ! ഭയന്നുവിറച്ച നാട്ടുകാരുടെ നിലവിളി കേട്ടെത്തിയ വാവ സുരേഷ് പിടികൂടിയത് അമ്മ മൂർഖനെയും മുപ്പതോളം കുഞ്ഞുങ്ങളെയും. പാമ്പ് ഭീതിയിൽ നിന്നു രക്ഷപ്പെട്ട നാട്ടുകാർക്കു വേണ്ടി 'പടനിലത്തെ കുഞ്ഞുങ്ങൾ' വാവയെ പൊന്നാട ചാർത്തി ആദരിച്ചു.
നൂറനാട് കുഴമത്ത് ജംഗ്ഷനു സമീപത്തെ പഴയ ഒരു മതിലിനുള്ളിലാണ് പ്രദേശവാസികൾ 'പാമ്പ് ഗോഡൗൺ' ഉണ്ടെന്ന് ഉറപ്പിച്ചത്. ജംഗ്ഷനു സമീപം പാറ- ഇടപ്പോൺ റോഡ് മറികടക്കുകയായിരുന്ന പാമ്പിനു പിന്നാലെയാണ് കീരി കൂടിയത്. തുടർന്നുള്ള അന്വേഷണമാണ് പാമ്പിൻ കൂട്ടത്തിലെത്തിയത്. ഇവയെ പിടികൂടാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്നാണ് വാവ സുരേഷിനെ വിളിച്ചത്.
സ്ഥലത്തെത്തിയ സുരേഷ് പല സ്ഥലങ്ങളിലും തിരച്ചിൽ നടത്തിയ ശേഷമാണ് ഇതിന്റെ മാളം പഴയ മതിൽക്കെട്ടിനു വളരെ താഴെയാണെന്നു കണ്ടെത്തിയത്. തുടർന്ന് ജെ.സി.ബിയുടെ സഹായത്തോടെ മതിലിന്റെ ഒരു ഭാഗം പൊളിച്ചുമാറ്റിയപ്പോളാണ് മൂർഖൻ കുടുംബത്തെ കണ്ടെത്തിയത്. വാവ സുരേഷ് എത്തിയതറിഞ്ഞ് നൂറുക്കണക്കിനാളുകൾ പാമ്പുപിടിത്തം കാണാനും സെൽഫി എടുക്കാനും എത്തി. ജംഗ്ഷനു വടക്ക് പടിഞ്ഞാറു ഭാഗത്തായുള്ള കാവിലെ അന്തേവാസികളാകാം ഇവയെന്നാണ് നിഗമനം. നാട്ടുകാരുടെ ഭീതിയകറ്റിയ വാവ സുരേഷിനെ വാട്ട്സാപ്പ് കൂട്ടായ്മയായ പടനിലത്തെ നല്ല കുഞ്ഞുങ്ങൾ പൊന്നാട ചാർത്തിയപ്
പോൾ കരഘോഷമുയർന്നു. വൈകിട്ട് അഞ്ചു മണിയോടു കൂടി പാമ്പിൻ കൂട്ടവുമായി വാവ മടങ്ങി.