ps-

കൊച്ചി: ആറ്റിങ്ങലിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള നടത്തിയ വിവാദ പ്രസംഗത്തിൽ കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷൻ നോട്ടീസയച്ചു. 24 മണിക്കൂറിനകം വിശദീകരണം നൽകണമെന്ന് നോട്ടീസിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ആവശ്യപ്പെട്ടു.മതസപ്ർദ്ധ വളർത്തുന്ന രീതിയിൽ പ്രസംഗിച്ചതിനാണ് നോട്ടീസ് അയച്ചത്.

ആറ്റിങ്ങൽ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥിയുടെ പ്രചാരണ യോഗത്തിലാണ് ശ്രീധരൻപിള്ള വിവാദ പരാമർശം നടത്തിയത്. പാകിസ്ഥാനിലെ ബാലക്കോട്ട് ഇന്ത്യൻ വ്യോമസേന നടത്തിയ പ്രത്യാക്രമണത്തെക്കുറിച്ച് സംസാരിക്കുമ്പോൾ ''മരിച്ചവർ ഏതു ജാതിക്കാരാ, ഏതു മതക്കാരാ, ഇസ്ളാമാകണമെങ്കിൽ ചില അടയാളങ്ങളൊക്കെ ഉണ്ടല്ലോ, ഡ്രസ് ഒക്കെ മാറ്റി നോക്കിയാൽ അല്ലേ ആളെ അറിയാൻ പറ്റുള്ളൂ. അപ്പൊ അങ്ങനെയൊക്കെ ചെയ്തിട്ടു തിരിച്ചുവരണമെന്നാ ചിലർ പറയുന്നത്" എന്നു ശ്രീധരൻ പിള്ള പ്രസംഗിച്ചെന്നും ഇതു മതവിദ്വേഷം വളർത്തുന്ന പരാമർശമാണെന്നുമാണ് പരാതി.