കോഴിക്കോട്: ഐ.എസ്.ആർ.ഒ ചാരക്കേസുമായി ബന്ധപ്പെട്ട് നമ്പി നാരായണന് എല്ലാവരെയും എല്ലാകാലത്തും പറ്റിക്കാനാവില്ലെന്ന് മുൻ പൊലീസ് മേധാവി ടി.പി. സെൻകുമാർ. എന്റെ പോലീസ് ജിവിതം’ എന്ന സർവീസ് സ്റ്റോറിയുടെ പ്രകാശനാനന്തരം ഡി.സി ബുക്സിൻെറ ഫേസ്ബുക് പേജിൽ നൽകിയ വീഡിയോ അഭിമുഖത്തിലാണ് സെൻകുമാർ തുറന്നടിച്ചത്. പിണറായി സർക്കാരിനെതിരെയും സെൻകുമാർ തുറന്നടിച്ചു.
1998ൽ വീണ്ടും ജോലിയിൽ പ്രവേശിച്ച് നാല് വർഷം സർവീസിൽ ഉണ്ടായിരുന്നിട്ടും ക്രയോജനിക് എഞ്ചിനുവേണ്ടി നമ്പി നാരായണൻ യാതൊന്നും ചെയ്തിട്ടില്ല. ക്രയോജനിക് എഞ്ചിനു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ഡോ. മുത്തുനായകത്തെപ്പോലെ നിരവധിപേർ ഐ.എസ്.ആർ.ഒയിൽ ഉണ്ടായിരുന്നിട്ടും അവർക്കൊന്നും അവാർഡ് കിട്ടിയിട്ടില്ലെന്നും സെൻകുമാർ പറഞ്ഞു.
സെൻകുമാറിന്റെ പറഞ്ഞതിന്റെ പൂർണരൂപം
‘നമ്പി നാരായണന് ചാരക്കേസിലുള്ള പങ്കിനെക്കുറിച്ച് പൊലീസ് ഉദ്യോഗസ്ഥന്മാർക്ക് നന്നായി അറിയാം. അതിനൊക്കെ രേഖകളുമുണ്ട്. അങ്ങനെയൊരാൾക്ക് ശാസ്ത്രജ്ഞൻ എന്ന പേരിൽ അവാർഡ് കൊടുക്കുകയും എനിക്കു കിട്ടേണ്ട നീതി നിഷേധിക്കുന്ന രീതിയിൽ ആ ശാസ്ത്രജ്ഞൻ പ്രവർത്തിക്കുകയും യാതൊരു നീതി ബോധവുമില്ലാതെ തികഞ്ഞ അസത്യം സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാറിലേക്ക് അയക്കുകയും ചെയ്തപ്പോഴാണ് എനിക്ക് പ്രതികരിക്കേണ്ടിവന്നത്. അതിനു വേണ്ട എല്ലാ തെളിവുകളും കൈയിൽ വെച്ചുകൊണ്ടാണ് ഞാൻ പ്രതികരിച്ചത്. അതിനു ശേഷം നമ്പി നാരായണൻ ഇതുവരെ ആ വിഷയത്തിൽ പ്രതികരിച്ചിട്ടില്ലല്ലോ...അദ്ദേഹത്തിൻെറ കൂട്ടുപ്രതിയായിരുന്ന ശശികുമാറുമായും ഞാൻ വളരെയേറെ സംസാരിച്ചിട്ടുണ്ട്.
നമ്പി നാരായണൻ ഒരു ശാസ്ത്രജ്ഞനല്ലായിരുന്നുവെന്നും ഒരു ശാസ്ത്ര കണ്ടുപിടുത്തവും അദ്ദേഹം നടത്തിയിട്ടില്ലെന്നും ശാസ്ത്ര മാഗസിനുകളിലൊന്നും അദ്ദേഹത്തിൻെറ ലേഖനങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുപോലുമില്ലെന്നും ‘From the fishing hamlet to Red Planet’ എന്ന പുസ്തകത്തിൽ ഐ.എസ്.ആർ.ഒ തന്നെ പറഞ്ഞിട്ടുണ്ട്. 1974 മുതൽ 19 വർഷമെടുത്ത് വൈക്കിങ് എഞ്ചിൻ ‘വികാസ്’ എഞ്ചിൻ എന്ന പേരിൽ 1993ൽ പകർത്തിയെടുത്ത മൂന്നു ടീമിലെ ഒരു ടീമിനെ നയിച്ചിരുന്നയാളാണ് നമ്പി നാരായണൻ. ഡോ. മുത്തുനായകം എഴുതിയ നമ്പി നാരായണൻറെ കോൺഫിഡൻഷ്യൽ റിപ്പോർട്ട് ഞാൻ കണ്ടിട്ടുണ്ട്. 1982 മുതൽ 1994 വരെ, ഈ കേസുണ്ടാകുന്നതുവരെ നമ്പി ഐ.എസ്.ആർ.ഒയിൽ സംശയിക്കപ്പെടുന്ന വ്യക്ത്വമായിരുന്നുവെന്ന് ആ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.
ചാരക്കേസ് സംഭവം നടക്കുന്നതിന് 10 ദിവസം മുമ്പ് അദ്ദേഹത്തിന് വളണ്ടറി റിട്ടയർമെന്റ് നൽകണമെന്ന് പറയുന്ന റിപ്പോർട്ടും ഞാൻ കണ്ടതാണ്. 1998ൽ വീണ്ടും ജോലിയിൽ പ്രവേശിച്ച് നാല് വർഷം സർവീസിൽ ഉണ്ടായിരുന്നിട്ടും ക്രയോജനിക് എഞ്ചിനുവേണ്ടി നമ്പി നാരായണൻ യാതൊന്നും ചെയ്തിട്ടില്ല. ക്രയോജനിക് എഞ്ചിനു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ഡോ. മുത്തുനായകത്തെപ്പോലെ നിരവധിപേർ ഐ.എസ്.ആർ.ഒയിൽ ഉണ്ടായിരുന്നിട്ടും അവർക്കൊന്നും അവാർഡ് കിട്ടിയിട്ടില്ല. അതേസമയം, മറ്റ് തെറ്റിദ്ധാരണകളാൽ നമ്പി നാരായണന് നേരിട്ട് പത്മഭൂഷൺ കൊടുക്കുന്നു. അതുകൊണ്ട് സത്യങ്ങൾ പുറത്തുവരണം. കോടതി, വിധി പറയുന്നത് മുന്നിൽ എത്തുന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ്. അതുകൊണ്ട് എല്ലായ്പോഴും കോടതി വിധികൾ സത്യങ്ങളും ശരിയുമായിരിക്കണമെന്നില്ല. പക്ഷേ, അത് എങ്ങനെയായിരുന്നാലും അനുസരിക്കുക എന്നത് ജനാധിപത്യ സമ്പ്രദായത്തിൽ ഭരണഘടന അനുസരിച്ച് ഏതൊരു പൗരൻെറയും ബാധ്യതയാണ്.
കോടതി വിധികൾ അനുസരിക്കേണ്ടവയാണ്. എന്നാൽ, അത് സത്യങ്ങൾ ആണെന്ന് വിശ്വസിക്കേണ്ട ആവശ്യമില്ല. അത് കോടതിയുടെ കുറ്റമല്ല, കോടതിയുടെ മുന്നിൽ കൊടുക്കുന്ന തെളിവുകളുടെയും നിയമങ്ങളുടെയും അപര്യാപ്തതകളുടെ അടിസ്ഥാനത്തിലാണ് അത്തരം വിധികൾ ഉണ്ടാകുന്നത്. അതുകൊണ്ട് ഐ.എസ്.ആർ.ഒ കേസിലെ സത്യം അറിയുന്ന ഞങ്ങൾക്ക് ബോധ്യമുള്ള കാര്യമാണ് അതിൽ ഒരുപാട് മൂടിവെക്കലുകൾ നടന്നിട്ടുണ്ട് എന്ന്. അതിലെ കൃത്യമായ സത്യങ്ങൾ ഒരുപക്ഷേ എനിക്കൊരിക്കലും കണ്ടെത്താൻ കഴിയില്ല. ഞാൻ എൻെറ പുസ്തകത്തിൽ പറയുന്ന കാര്യങ്ങളെല്ലാം അറിയാവുന്നയാളാണ് ഡോ. സിബി മാത്യു. അദ്ദേഹം ഈ കാര്യങ്ങൾ തുറന്ന് പ്രതികരിക്കാൻ തയാറായാൽ സത്യാവസ്ഥ പുറത്തുവരും.
ഒന്നും പറയാതിരുന്ന എന്നെ സംസ്ഥാന സർക്കാറും നമ്പി നാരായണനുമാണ് പ്രകോപിപ്പിച്ചത്. അതുകൊണ്ടാണ് എനിക്കിത് തുറന്നുപറയേണ്ടിവന്നത്. അദ്ദേഹത്തിൻറെ കേസിൽ എന്നെ ഒരു പ്രതി എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. വാസ്തവത്തിൽ നമ്പി നാരായണൻ കൊടുത്തത് ഒരു സിവിൽ കേസാണ്. അതിൽ എതിർ കക്ഷി സർക്കാറാണ്. ആ കേസിൽ റിപ്പോർട്ട് കൊടുത്ത ഒരു ഉദ്യോഗസ്ഥൻ മാത്രമായ ഞാനതിൽ പ്രതിയാവുകയില്ല. അതുപോലും അറിയാത്തയാളാണ് നമ്പി നാരായണൻ. മാധ്യമങ്ങളും അതേറ്റുപാടുകയായിരുന്നു. നമ്പി നാരായണന് വളരെയധികം തെറ്റിദ്ധാരണ പരത്താൻ കഴിഞ്ഞു എന്നതാണ് യാഥാർഥ്യം. ജസ്റ്റിസ് ജയൻ കമ്മിറ്റിയിൽ ഡോ. സിബി മാത്യുസും മറ്റ് രണ്ട് ഉദ്യോഗസ്ഥരും ശരിയായ കാര്യങ്ങൾ അവതരിപ്പിക്കുകയാണെങ്കിൽ ഐ.എസ്.ആർ.ഒയിൽ ചാരവൃത്തി നടന്നിട്ടുണ്ടോ എന്ന് തെളിയിക്കാൻ കഴിയില്ലെങ്കിലും നമ്പി നാരായണൻ ഉന്നയിക്കുന്ന കാര്യങ്ങളിലെ സത്യാവസ്ഥ പുറത്തുവരും. എല്ലാവരെയും എല്ലാ കാലത്തും നമ്പി നാരായണന് പറ്റിക്കാനാവില്ല..’’