ഗാന്ധിനഗർ: ലെയ്‌സ് ചിപ്‌സ് ഉണ്ടാക്കാനുപയോഗിക്കുന്ന ഉരുളക്കിഴങ്ങ് കൃഷി ചെയ്ത കർഷകർക്കെതിരെ പെപ്‌സികോ കമ്പനി കേസ് കൊടുത്തതിന്റെ പശ്ചാത്തലത്തിൽ പൊതുസമൂഹത്തിന്റെയും സർക്കാരിന്റെയും പിന്തുണ തേടി കർഷകർ രംഗത്തെത്തി. ഗുജറാത്തിലെ കർഷകർക്കെതിരെ കമ്പനി 1.05 കോടി രൂപ നഷ്ടപരിഹാരത്തിന് കേസ് കൊടുത്തിന് പിന്നാലെയാണ് കർഷകർ കാമ്പയിൻ ആരംഭിച്ചത്. 2001ലെ പ്രൊട്ടക്ഷൻ ഒഫ് പ്ലാന്റ് വെറൈറ്റീസ് ആൻഡ് ഫാർമേഴ്‌സ് റൈറ്റ് ആക്ട് പ്രകാരം എഫ്.എൽ 2027 എന്നയിനം ഉരുളക്കിഴങ്ങ് കൃഷി ചെയ്യാൻ തങ്ങൾക്ക് മാത്രമേ അവകാശമുള്ളൂ എന്നാണ് പെപ്‌സികോ കമ്പനിയുടെ വാദം. കേസ് ഇന്ന് അഹമ്മദാബാദ് കോടതി പരിഗണിക്കും. ഗുജറാത്തിലെ ബസൻകാന്ത, ആരവല്ലി, സബർകാന്ത ജില്ലകളിലെ ചെറുകിട കർഷകർക്കെതിരെയാണ് കേസ്. പ്ലാന്റ് വെറൈറ്റി പ്രൊട്ടക്ഷൻ റൈറ്റിൽ നിന്ന് കർഷകരെ ഒഴിവാക്കിയിട്ടുണ്ടെന്നാണ് സന്നദ്ധ സംഘടനകളും കർഷകരും അവകാശപ്പെടുന്നത്. സർക്കാരും സമൂഹവും ഇടപെട്ടില്ലെങ്കിൽ ഭാവിയിൽ മറ്റ് വിളകളുടെ കൃഷിയെയും ഈ നിയമം ബാധിക്കുമെന്നും കർഷകർ ആശങ്കപ്പെടുന്നു.