ak-ramam

വടകര: ഒഞ്ചിയം സമരസേനാനിയും ആർ.എം.പി.ഐ നേതാവുമായിരുന്ന പരേതനായ മനക്കൽത്താഴക്കുനി ഗോവിന്ദന്റെ മകൻ എം.കെ. സുനിൽ കുമാറിന്റെ വീടിനു നേരെ അക്രമം.

ഇന്നലെ വെളുപ്പിന് രണ്ട് മണിയോടെയാണ് ഒരു സംഘം വീടിനു നേരെ കല്ലേറ് നടത്തിയത്. വീട്ടുകാർ ഉണർന്ന് വാതിൽതുറന്നപ്പോഴേക്കും അക്രമിസംഘം ഓടി മറഞ്ഞു. അക്രമത്തിനു പിന്നിൽ സി.പി.എം ആണെന്ന് ആർ.എം.പി.ഐ ആരോപിച്ചു.

വീടിന്റെ വടക്കു വശം അടുക്കളയുടെ മൂന്ന് ജനൽപാളികൾ കല്ലേറിൽ പൂർണമായും തകർന്നു. സംഭവം നടന്നയുടൻ ചോമ്പാല പൊലീസിൽ പരാതി നൽകിയെങ്കിലും പൊലീസ് എത്തിയത് രാവിലെ 9 മണിയോടെയാണ്. എടക്കണ്ടിക്കുന്നിലെ ആർ.എം.പി.ഐ പ്രവർത്തകരെ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ വെറുതേവിടില്ല എന്ന തരത്തിൽ ഏതാനും ദിവസമായി സി.പി.എം പ്രവർത്തകർ സാമൂഹ്യ മാദ്ധ്യമങ്ങൾ വഴി ഭീഷണിപ്പെടുത്തി വരുന്നതായും പരാതിയുണ്ട്. പ്രദേശത്ത് നിലനിൽക്കുന്ന സമാധാന അന്തരീക്ഷം തകർക്കുന്നതിനുള്ള ബോധപൂർവമായ നീക്കമാണ് അക്രമത്തിനു പിന്നിലെന്ന് ആർ.എം.പി.ഐ ഒഞ്ചിയം ഏരിയാ സെക്രട്ടറി കെ. ചന്ദ്രൻ ആരോപിച്ചു.

പൊലീസ് നിഷ്‌ക്രിയത്വം ഉപേക്ഷിച്ച് പ്രതികളെ ഉടൽ പിടികൂടണമെന്നും ചന്ദ്രൻ ആവശ്യപ്പെട്ടു. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, വടകര സ്ഥാനാർത്ഥി കെ. മുരളീധരൻ, ആർ.എം.പി.ഐ നേതാവ് കെ.കെ. രമ, വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയിൽ രാധാകൃഷ്ണൻ, ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ജയരാജൻ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.