കണ്ണൂർ: രാഹുൽ ഗാന്ധിയുടെ സന്ദർശന സമയത്ത് മദ്യപിച്ചതായി കണ്ടെത്തിയ ഫുഡ് ടെസ്റ്റിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. എ.ആർ ക്യാമ്പിലെ സീനിയർ സി.പി.ഒ അലക്സാണ്ടറിനെയാണ് കണ്ണൂർ എസ്.പി ശിവ വിക്രം സസ്‌പെൻഡ് ചെയ്തത്.
രാഹുലിന് ഗസ്റ്റ് ഹൗസിൽ ഒരുക്കിയ അത്താഴ വിരുന്നിലെ ഭക്ഷണങ്ങൾ ടെസ്റ്റ് ചെയ്യുന്നതിനിടയിലാണ് അതിന്റെ പൂർണ ചുമതലയുള്ള അലക്സാണ്ടർ മദ്യപിച്ചതായി എസ്.പി.ജി കണ്ടെത്തിയത്. തുടർന്ന് എസ്.പി.ജി ചുമതലയുള്ള ഐ.ജി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു. തുടർന്ന് കണ്ണൂർ എസ്.പി അന്വേഷണം നടത്തുകയും സസ്‌പെൻഡ് ചെയ്യുകയായിരുന്നു.
3 മണിക്കൂർ മുമ്പ് ഫുഡ് ടെസ്റ്റ് ചെയ്യണം എന്നാണ് ചട്ടം. സംഭവത്തെ തുടർന്ന് എസ്.പി.ജി അംഗത്തിലൊരാളെ പ്രസ്തുത ഡ്യൂട്ടിക്കായി നിയോഗിക്കുകയായിരുന്നു. തുടർന്ന് രാഹുൽ ഗാന്ധിക്കുള്ള അത്താഴം വൈകിയിരുന്നു.