കൊളംബോ: ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ ഉണ്ടായ സ്ഫോടന പരമ്പര നടത്തിയ ചാവേറുകൾ പലരും ഇന്റലിജൻസ് നിരീക്ഷണത്തിലായിരുന്നെന്ന് ശ്രീലങ്കൻ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ. മതിയായ തെളിവുകൾ ഇല്ലാതിരുന്നതിനാലാണ് ഇവരെ മുൻകൂർ കസ്റ്റഡിയിൽ എടുക്കാതിരുന്നതെന്നും വിക്രമസിംഗെ പറഞ്ഞു. ചാവേറുകളെക്കുറിച്ച് ഇന്ത്യൻ ഇന്റലിജൻസ് വൃത്തങ്ങൾ മുന്നറിയിപ്പ് നൽകിയിട്ടും മുൻകരുതലുകൾ എടുത്തില്ലെന്ന് നേരത്തെ വിമർശനമുയർന്നിരുന്നു. ഇതിനിടെയാണ് ശ്രീലങ്കൻ പ്രധാനമന്ത്രിയുടെ പ്രസ്താവന. ചാവേറുകളായവരിൽ ഭൂരിഭാഗവും സമ്പന്ന കുടുംബങ്ങളിൽ നിന്നുള്ളവരും ഉന്നത വിദ്യാഭ്യാസം നേടിയവരുമാണെന്നത് അതിശയിപ്പിക്കുന്നതാണെന്നും വിക്രമസിംഗെ പറഞ്ഞു.
അതേസമയം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത് പ്രതിരോധ സെക്രട്ടറി ഹേമാസിരി ഫെർണാണ്ടോ രാജിവച്ചു.
ഇന്റലിജൻസ് മുന്നറിയിപ്പുണ്ടായിട്ടും ഭീകരാക്രമണം തടയാനാകാത്തതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സ്ഥാനമൊഴിയാൻ പ്രതിരോധ സെക്രട്ടറിയോടും പൊലീസ് ഇൻസ്പെക്ടർ ജനറൽ പുജിത് ജയസുന്ദരയോടും പ്രസിഡന്റ് മൈത്രിപാല സിരിസേന ആവശ്യപ്പെട്ടിരുന്നു. സിരിസേന ആവശ്യപ്പെട്ടതിനു പിന്നാലെ ഫെർണാണ്ടോ വ്യാഴാഴ്ച രാജിക്കത്ത് കൈമാറുകയായിരുന്നെന്ന് ശ്രീലങ്കൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.