കൊച്ചി: കല്ലട ബസിൽ യാത്രക്കാരെ മർദ്ദിച്ച സംഭവത്തിൽ ബസ് ഉടമ സുരേഷ് കല്ലടയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. സംഭവം തന്റെ അറിവോടെയല്ലെന്ന് സുരേഷ് കല്ലട പറഞ്ഞു. സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചു പോയെന്നും കുറ്റക്കാരായ ജീവനക്കാരെ ഒഴിവാക്കിയിട്ടുണ്ടെന്നും സുരേഷ് പറഞ്ഞു. ഇത്തരക്കാരെ വച്ച് പ്രസ്ഥാനം നടത്തിക്കൊണ്ടു പോകാൻ താല്പര്യം ഇല്ലെന്നും സുരേഷ് വ്യക്തമാക്കി.
തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലാണ് ബസ് ഉടമ ഹാജരായത്. ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കുമെന്ന് തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണർ സ്റ്റുവർട്ട് കീലർ വ്യക്തമാക്കി. കോൾ രേഖകളടക്കം പരിശോധിക്കുമെന്നും എ.സി.പി പറഞ്ഞു.
ഇന്ന് ഹാജരായില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചതിനെ തുടര്‍ന്നാണ് സുരേഷ് എത്തിയത്. രക്ത സമ്മര്‍ദം ഉയർന്നതിനെ തുടർന്ന് ഹാജരാകാനാവില്ലെന്ന് രാവിലെ അറിയിച്ചിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. ഉയർന്ന രക്ത സമ്മർദ്ദത്തെ തുടർന്ന് തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിലാണ് എന്നാണ് സുരേഷ് കല്ലട പൊലീസിനെ അറിയിച്ചിരുന്നത്. ഇതേതുടർന്ന് ചികിത്സാ രേഖകൾ ഹാജരാക്കാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ മരട് സി.ഐയുടെ ഓഫീസിൽ ഹാജരാകാനാണ് സുരേഷിന് കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയിരുന്നത്. ഇന്ന് കൂടി ഹാജരായില്ലെങ്കിൽ കൂടുതൽ നിയമ നടപടികളിലേക്ക് നീങ്ങാനായിരുന്നു പൊലീസിന്റെ ആലോചന.