arun-jaitley

ന്യൂഡൽഹി: പ്രിയങ്ക ഗാന്ധി വാരണസിയിൽ മത്സരിക്കാത്തതിൽ തനിക്ക് നിരാശ തോന്നിയെന്ന് കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി. പ്രവർത്തനപരിചയം ഇല്ലാത്ത രാഷ്ട്രീയകുടുംബവാഴ്ച്ചക്കാരെ നവ ഇന്ത്യ തള്ളിക്കളയുന്നത് കാണാനുള്ള അവസരമാണ് ഇതോടെ ഇല്ലാതായതെന്നും ജെയ്റ്റ്ലി പരിഹസിച്ചു. കഴിഞ്ഞ തവണ മോദിയോട് മണ്ഡലത്തിൽ ഏറ്റുമുട്ടി 75,000 വോട്ടുകൾ നേടിയ അജയ് റായ് തന്നെയാണ് ഇത്തവണയും കോൺഗ്രസിന്റെ സ്ഥാനാർത്ഥിയെന്ന് പാർട്ടി പ്രഖ്യാപിക്കുകയായിരുന്നു.

ബ്ലോഗിൽ പ്രസിദ്ധീകരിച്ച വാരണാസിയിൽനിന്നകന്ന അഭയാർത്ഥിയും എന്ന തലക്കെട്ടോടെ ലേഖനത്തിലാണ് അരുണ്‍ ജെയ്റ്റ്ലി പ്രിയങ്കയുടെ സ്ഥാനർത്ഥിത്വത്തെ പരിഹസിച്ചത്. 'പ്രിയങ്കാ ഗാന്ധിയെ വാരണാസിയിൽ മത്സരിപ്പിക്കേണ്ടെന്ന കോണ്‍ഗ്രസ് തീരുമാനത്തിൽ ഞാൻ നിരാശനാണ്. പരിശ്രമിച്ച്,പരീക്ഷിച്ച്, വിജയിച്ച നേതാവിനെതിരെ രാഷ്ട്രീയകുടുംബവാഴ്ച്ചയിലെ പുതുതലമുറക്കാരി പൊരുതാനിറങ്ങുമ്പോൾ നവ ഇന്ത്യ എങ്ങനെ വിധിയെഴുതുമെന്നറിയാനുള്ള അവസരമാണ് വാരണാസിയിലുണ്ടാവുകയെന്ന് ഞാൻ വെറുതെ പ്രതീക്ഷിച്ചു'.ജെയ്റ്റ്ലി ബ്ലോഗിൽ കുറിച്ചു.

മോദിയുടെ സിറ്റിംഗ് മണ്ഡലമായ വാരണാസിയിൽ പ്രിയങ്ക മത്സരിച്ചേക്കുമെന്ന് രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾ സൂചന നൽകിയിരുന്നു. താൻ മത്സരിച്ചാൽ എന്താ എന്ന് പറഞ്ഞ് പ്രിയങ്കയും അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി. ഇതിന് പിന്നാലെ രാഹുൽ ഗാന്ധി പറഞ്ഞാൽ താൻ മത്സരിക്കുമെന്ന് വയനാട്ടിൽ വച്ച് പ്രിയങ്ക പ്രഖ്യാപിച്ചതോടെ വാരണാസിയിലെ സ്ഥാനാർത്ഥിത്വം ഏതാണ്ട് ഉറപ്പിച്ചതാണ്. എന്നാൽ ഇന്ന് അജയ് റായിലെ സ്ഥാനാർത്ഥിയായി കോൺഗ്രസ് പ്രഖ്യാപിക്കുകയായിരുന്നു.