ചേർത്തല: ദേശീയപാതയിൽ കണിച്ചുകുളങ്ങര ജംഗ്ഷനു സമീപം ഇന്നലെ രാത്രിയിൽ, വിവാഹ നിശ്ചയത്തിനു പോയി മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച ടെമ്പോ ട്രാവലറിൽ എതിരെ വന്ന സൂപ്പർ ഫാസ്റ്റിടിച്ച് പ്രതിശ്രുത വരൻ ഉൾപ്പെടെ മൂന്നു പേർക്ക് ദാരുണാന്ത്യം. തലശേരി കീഴല്ലൂർ പാടിച്ചാൽ രവീന്ദ്രന്റെ മകൻ വിനീഷ് (25), മാതൃസഹോദരി പ്രസന്ന (55), ബന്ധുവായ മട്ടന്നൂർ ചാവശേരി ഓതയത്ത് വിജയകുമാർ (38) എന്നിവരാണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ മറിഞ്ഞ ട്രാവലിൽ നിന്ന് പുറത്തേക്കു തെറിച്ചു വീണ വിനീഷും പ്രസന്നയും തത്ക്ഷണം മരിക്കുകയായിരുന്നു. വാനിൽ കുടുങ്ങി ഗുരുതര പരിക്കേറ്റാണ് വിജയകുമാർ മരിച്ചത്. 11 പേർക്ക് പരിക്കേറ്റു.
പരിക്കേറ്റവരെ ചേർത്തല താലൂക്ക് ആശുപത്രിയിലും കെ.വി.എം, മതിലകം ആശുപത്രികളിലും പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി 11.15 ഓടെയായിരുന്നു അപകടം. തിരുവനന്തപുരം പൂവാറിൽ വിനീഷിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച ട്രാവലറിൽ സുൽത്താൻ ബത്തേരിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സൂപ്പർ ഫാസ്റ്റ് ഇടിക്കുകയായിരുന്നു. മുന്നിൽ പോവുകയായിരുന്ന സ്കോർപ്പിയോ വാനിനെ മറികടക്കുന്നതിനിടെയാണ് ബസ് ട്രാവലറിൽ ഇടിച്ചത്. ട്രാവലർ തലകീഴായി മറിഞ്ഞു. മൂന്ന് കുട്ടികളും ഡ്രൈവറും ഉൾപ്പെടെ 14 പേരാണ് ട്രാവലറിലുണ്ടായിരുന്നത്. അപകടം നടന്ന് അരമണിക്കൂറിനുശേഷം പൊലീസെത്തിയാണ് പരിക്കറ്റവരെ ആശുപത്രിയിലെത്തിച്ചത്. പൊലീസ് എത്തിയപ്പോൾ രണ്ട് മൃതദേഹങ്ങൾ റോഡിൽ കിടക്കുകയായിരുന്നു. മൃതദേഹങ്ങൾ മോർച്ചറിയിലേക്കു മാറ്റി.