മൂവാറ്റുപുഴ: വീട്ടിലെ വസ്ത്രങ്ങളിൽ രണ്ട് ദിവസമായി തുടരെ തുടരെ തീപിടിക്കുന്നത് ഒരു കുടുംബത്തിന്റെയും ഗ്രാമത്തിന്റെയും ഉറക്കം കെടുത്തി. വാളകം റാക്കാട് കൈനമറ്റത്തിൽ അമ്മിണിയമ്മയുടെ വീട്ടിലാണ് അസാധാരണ സംഭവം.
വസ്ത്രങ്ങൾ സൂക്ഷിച്ച അലമാര, ബെയ്സൻ, ബക്കറ്റ്, തുടങ്ങിയവയിലെല്ലാം പലതവണ തീയുണ്ടായി. ബുധൻ രാത്രി തുടങ്ങിയ പ്രതിഭാസം ഇന്നലെ വൈകിട്ട് 4.30 വരെ തുടർന്നു. പൊലീസും ഫയർഫോഴ്സും പരിശോധിച്ചിട്ടും കാരണം കണ്ടെത്താനായില്ല. വീട്ടുസാമഗ്രികളെല്ലാം പുറത്തെടുത്ത് ഇട്ടിരിക്കുകയാണ്.
കാസർകോട് നിന്ന് അമ്മിണിയമ്മയുടെ മകനും കുടുംബവും ബുധനാഴ്ച വീട്ടിലെത്തിയ ശേഷമാണ് തീപിടുത്തം തുടങ്ങിയത്. രാത്രി അലമാരയ്ക്ക് മുകളിൽ വിരിച്ച തുണി ആദ്യം കത്തി. ഇന്നലെ രാവിലെ അടച്ചുവച്ച ബക്കറ്റിലും മറ്റും സൂക്ഷിച്ച വസ്ത്രങ്ങൾക്ക് പല സമയങ്ങളിൽ തീപിടിച്ചു.
ഇന്നലെ വൈകിട്ട് അമ്മിണിയമ്മ മൂവാറ്റുപുഴ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. തീപിടുത്തത്തിന് കാരണം കണ്ടെത്താനായിട്ടില്ലെന്നും വിശദമായ പരിശോധന ആവശ്യമാണെന്നും മൂവാറ്റുപുഴ അസി.ഫയർ ഓഫീസർ എം.എസ്.സജി പറഞ്ഞു.