ranil-wickremesinghe

കൊളംബോ: ഭീകരവാദികളെ കണ്ടെത്താൻ ആവശ്യമെങ്കിൽ പാകിസ്ഥാന്റെ സഹായം തേടുമെന്ന് ശ്രീലങ്കൻ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ പറഞ്ഞു. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഭീകരവാദത്തിനെതിരെയുള്ള ശ്രീലങ്കയുടെ പോരാട്ടത്തിൽ പാകിസ്ഥാൻ വലിയ പിന്തുണയാണെന്നും, ആവശ്യമെങ്കിൽ ഭീകരവാദികളെ കണ്ടുപിടിക്കാനും അവരെ ഇല്ലായ്മ ചെയ്യാൻ പാകിസ്ഥാന്റെ സഹായം തേടുമെന്നും അദ്ദേഹം പറഞ്ഞു.

ഭീകരാക്രമണത്തിന് പിന്നിലെ വിദേശബന്ധത്തെകുറിച്ച് അന്വേഷിക്കുമ്പോൾ ഒരു പ്രത്യേക രാജ്യം ഇതിന് പിന്നിൽ പ്രവർത്തിച്ചതായി തെളിവുകൾ ലഭിച്ചില്ലെന്നും അഭിമുഖത്തിൽ പറയുന്നു. രാജ്യത്ത് ആഗോളതീവ്രവാദികൾ പ്രചരിക്കുന്നത് തടയാൻ ഇന്ത്യ ശ്രമിക്കുന്നുണ്ട്. ഇത് ആദ്യമായാണ് ആഗോള തീവ്രവാദികൾ ശ്രീലങ്കയിൽ സംഘട്ടനം നടത്തുന്നതെന്നും റെനിൽ വിക്രമസിംഗെ പറഞ്ഞു. ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ കൊളംബോയിൽ സ്‌ഫോടനം നടത്തിയ രണ്ട് ചാവേറുകളുടെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സുഗന്ധ വ്യജ്ഞന വ്യാപാരിയായ മുഹമ്മദ് യുസുഫ് ഇബ്രാഹിം ആണ് പൊലീസ് പിടിയിലായത്.

അതേസമയം, സ്ഫോടന പരമ്പരകളിൽ വലിയ സുരക്ഷാ വീഴ്ചകളുണ്ടെന്ന റിപ്പോർട്ടുകൾക്ക് പിറകെ ശ്രീലങ്കയിലെ പ്രതിരോധ സെക്രട്ടറി ഹേമസിരി ഫെർണാണ്ടോ രാജിവച്ചു. കഴിഞ്ഞ ഞായറാഴ്ച ശ്രീലങ്കയിൽ നടന്ന 359 പേരുടെ മരണത്തിനിടയാക്കിയ ചാവേറാക്രമണത്തിൽ സുരക്ഷാവീഴ്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിയെന്നാണ് റിപ്പോർട്ടുകൾ. പ്രതിരോധ സെക്രട്ടറിയോടും ഇൻസ്പെക്ടർ ജനറൽ ഒഫ് പൊലീസ് പുജിത് ജയസുന്ദരയോടും രാജിവയ്ക്കാൻ പ്രസിഡന്റ് മൈത്രിപാല സിരിസേന കഴിഞ്ഞദിവസം ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇരുവരും തങ്ങളുടെ ചുമതലകൾ പാലിക്കുന്നതിൽ ചൂണ്ടിക്കാണിച്ചായിരുന്നു രാജി ആവശ്യം. എന്നാൽ, സ്വന്തം നിലയിൽ യാതൊരു പിഴവും ഉണ്ടായിട്ടില്ലെന്നാണു പ്രതിരോധ സെക്രട്ടറിയുടെ നിലപാട്.