തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മതസ്പർദ്ധ വളർത്തുന്ന തരത്തിൽ പ്രസംഗിച്ചതിന് ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ളയ്ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്. 24 മണിക്കൂറിനുള്ളിൽ മറുപടി നൽകാനാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശം.
ആറ്രിങ്ങലിലെ എൻ.ഡി.എ. സ്ഥാനാർഥി ശോഭാ സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസംഗത്തിലാണ് ശ്രീധരൻപിള്ള വിവാദ പരാമർശം നടത്തിയത്. പ്രസംഗവുമായി ബന്ധപ്പെട്ട് ആറ്റിങ്ങൽ പൊലീസ് നേരത്തേ ശ്രീധരൻ പിള്ളയുടെ പേരിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.
ആറ്റിങ്ങലിൽ നടത്തിയ പ്രസംഗത്തിൽ ബാലാകോട്ട് വിഷയം പ്രതിപാദിക്കുന്നതിനിടെയാണ് അദ്ദേഹം വിവാദ പരാമർശം നടത്തിയത്. സംഭവത്തെ തുടർന്ന് വി.ശിവൻകുട്ടി ആറ്റിങ്ങൽ പൊലീസിലും സംസ്ഥാന തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും പരാതി നൽകിയിരുന്നു. ശ്രീധരൻപിള്ള തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് കണ്ടെത്തിയ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ കമ്മിഷന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ശ്രീധരൻപിള്ളയോട് വിശദീകരണം തേടി നോട്ടീസ് അയച്ചിരിക്കുന്നത്.