തൃശൂർ : തെച്ചിക്കോട്ട് രാമചന്ദ്രൻ ആനപ്രേമികൾക്ക് രാമരാജനാണ് കാരണം മറ്റൊന്നുമല്ല കേരളത്തിലെ നാട്ടാനകളിൽ രാജാവാണ് അമ്പത്കാരനായ ലക്ഷങ്ങൾ ആരാധകരായിട്ടുള്ള ഈ ഗജവീരൻ. ബീഹാറിലാണ് ജനനമെങ്കിലും കർമ്മംകൊണ്ട് ആനപ്രേമികളായ മലയാളികളുടെ മനസിൽ ചേക്കേറിയവനാണ് രാമചന്ദ്രൻ. അതിനാൽ തന്നെ ഏകഛത്രാധിപതിയെന്ന വിശേഷണം ഇവനുമാത്രം അവകാശപ്പെട്ടതുമായി. എന്നാൽ ഇതൊക്കെയാണെങ്കിലും രാമചന്ദ്രൻ മറ്റൊരു ലിസ്റ്റിലും മുമ്പിലുണ്ട്. പതിമൂന്ന് പേരുടെ ജീവനെടുത്ത കൊലകൊമ്പനാണ് സർക്കാർ രേഖകളിൽ രാമചന്ദ്രൻ. ഈ വർഷമാദ്യമാണ് ഇതിൽ ഒടുവിലെ സംഭവമുണ്ടായത്. പടക്കം പൊട്ടുന്ന ശബ്ദം കേട്ട് ഇടഞ്ഞ കൊമ്പൻ ഭയന്ന് ഓടുകയും രണ്ട് പേരെ ചവിട്ടിയരക്കുകയുമായിരുന്നു. ഇതിനെ തുടർന്ന് പതിനഞ്ച് ദിവസത്തേയ്ക്ക് എഴുന്നള്ളിപ്പിന് കൊണ്ട് പോകുന്നതിൽ നിന്നും കൊമ്പനെ വനം വകുപ്പ് വിലക്കിയിരുന്നു.
ഒരു കണ്ണിന് പൂർണമായും മറ്റൊരു കണ്ണിന് ഭാഗീകമായും കാഴ്ചശേഷി ഇല്ലാത്ത ആനയാണ് രാമചന്ദ്രൻ. ഇതാണ് പടക്കം പൊട്ടുന്ന ശബ്ദം കേട്ട് വിരളുന്നതിന് കാരണമാവുന്നതെന്ന് പരിശോധിച്ച ഉദ്യോഗസ്ഥർ വിലയിരുത്തിയത്. ആദ്യം പതിനഞ്ച് ദിവസത്തേയ്ക്കാണ് വിലക്കുണ്ടായിരുന്നതെങ്കിലും പിന്നീടത് പതിനഞ്ച് ദിവസം വീതം നീട്ടിക്കൊണ്ട് പോവുകയായിരുന്നു. തൃശൂർ പൂരത്തിന്റെ പടിവാതിൽക്കലെത്തിയെങ്കിലും വിലക്കിന് ശമനമുണ്ടാവാത്തത് പൂരപ്രേമികളുടെ രോഷത്തിന് കാരണമായിരിക്കുകയാണ്.
സമ്മർദ്ദം സർക്കാരിലും
ആചാരത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ ഏറെ പഴികേട്ട സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നത്. അതിനാൽ തന്നെ പൂരപ്രേമികളുടെ മനസിനെ വിഷമിപ്പിക്കുവാൻ രണ്ടാമതൊന്ന് ആലോചിച്ചതിന് ശേഷമേ ഇനി ഒരു നടപടിയിലേക്ക് സർക്കാർ തിരിയൂ എന്നത് ഉറപ്പാണ്. പൂര പ്രേമികളുടെ സമ്മർദ്ദഫലമായി ഏപ്രിൽ പത്തിന് തിരുവനന്തപുരത്ത് വനം, കൃഷി മന്ത്രിമാരുടെ സാന്നിദ്ധ്യത്തിൽ നടന്ന യോഗത്തിൽ കൊമ്പന് തൃശൂരിൽ ആഴ്ചയിൽ മൂന്നു ദിവസം എഴുന്നള്ളിപ്പിനു അനുമതി നൽകാമെന്നു തീരുമാനിച്ചിരുന്നു. എന്നാൽ തിരഞ്ഞെടുപ്പു മൂലം ഉത്തരവ് ഇറങ്ങുന്നതു വൈകിയതാണ് തൃശൂർ പൂരത്തിന് രാമചന്ദ്രന്റെ വരവ് അനിശ്ചിതത്വത്തിലാക്കിയത്.
ഇടഞ്ഞത് കളക്ടർ
തൃശൂർ ജില്ലയിൽ രാമചന്ദ്രനെ ആഴ്ചയിൽ മൂന്ന് ദിവസം എഴുന്നള്ളിപ്പിന് അനുവദിക്കാമെന്ന് തത്വത്തിൽ മന്ത്രിമാർ ഉൾപ്പടെ സംബന്ധിച്ച യോഗത്തിൽ തീരുമാനമായെങ്കിലും ആ ഉത്തരവ് ഇറക്കാനാവാത്തത് തിരിച്ചടിയായിരിക്കുകയാണ്. കഴിഞ്ഞ ദിവസം തൃശൂർ കളക്ടർ വിളിച്ച ഫെസ്റ്റിവൽ ജില്ലാതല മോണിറ്ററിംഗ് സമിതിയോഗത്തിൽ ഉത്തരവു വരാത്തതു മൂലം ആനയുടെ എഴുന്നള്ളിപ്പിനു അനുമതി നൽകാനാകില്ലെന്നു കളക്ടർ നിലപാടെടുക്കുകയായിരുന്നു. നിയമത്തിന്റെ വഴിയിൽ മുഖം നോക്കാതെ നടപടിയെടുക്കുന്ന അനുപമയാണ് തൃശൂർ കളക്ടർ. ഉച്ചയ്ക്കുശേഷം നടന്ന പൂരം ആലോചനായോഗത്തിലും വിഷയം ഉന്നയിച്ചുവെങ്കിലും അനുകൂല നടപടികളെടുക്കാത്തതിൽ പ്രതിഷേധിച്ച് ആന ഉടമസ്ഥ സംഘം ജനറൽ സെക്രട്ടറി പി.ശശികുമാറിന്റെ നേതൃത്വത്തിൽ ഇറങ്ങിപ്പോവുകയായിരുന്നു. നിഷേധ നിലപാടു തുടർന്നാൽ ആനകളെ ഉത്സവങ്ങൾക്കു വിട്ടു നൽകുന്ന കാര്യവും പുനഃപരിശോധിക്കുമെന്ന് സംഘടന വ്യക്തമാക്കി.
തെച്ചിക്കോടനില്ലാത്ത പൂരം
തെച്ചിക്കോട്ട് രാമചന്ദ്രനില്ലാത്ത പൂരത്തെക്കുറിച്ച് ആലോചിക്കാൻ പോലും പൂരപ്രേമികൾക്കാവില്ല. ഏതാനും വർഷമായി തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ് പൂരത്തലേന്ന് തെക്കേഗോപുരനട തള്ളിത്തുറക്കുന്നത്. പൂരപ്രേമികൾക്ക് വൈകാരികമായി മനസിൽ കൊണ്ട് നടക്കുന്ന ഈ കാഴ്ച ഇക്കുറിയുണ്ടാവുമോ എന്ന കാര്യത്തിൽ ആശങ്ക തുടരുകയാണ്. ഇനി ഏവരുടെയും കണ്ണുകൾ സർക്കാരിലാണ്. മന്ത്രിസഭായോഗത്തിൽ ഈ വിഷയം ഉന്നയിക്കാമെന്ന് തൃശൂർ എം.എൽ.എയായ മന്ത്രി സുനിൽ കുമാർ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ മുൻതീരുമാനം നടപ്പാക്കാനാകുമെന്ന് പ്രതീക്ഷയുണ്ടെന്നും മന്ത്രി വി.എസ്. സുനിൽകുമാർ വിശദീകരിച്ചിട്ടുണ്ട്.