ന്യൂഡൽഹി: കേരളത്തിൽ ബി.ജെ.പി പ്രവർത്തകർ ജീവൻ പണയം വച്ചാണ് ജീവിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രേമോദി. രാജ്യത്ത് സർക്കാർ അനുകൂല തരംഗമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാരാണസിയിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. രാജ്യത്തെമ്പാടുമുള്ള ജനങ്ങൾ ഒരിക്കൽ കൂടി മോദി സർക്കാർ വേണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
''ഞാൻ ജയിക്കുമോ തോൽക്കുമോ എന്നതല്ല ഭരണഘടന വിജയിക്കുക എന്നതാണ് പ്രധാനം. ഒരിക്കൽ നിങ്ങൾ ജനങ്ങളുടെ ഹൃദയത്തിലിടം നേടിയാൽ ആ പാർട്ടി സ്വാഭാവികമായി വിജയം സ്വന്തമാക്കും. സ്വാതന്ത്ര്യത്തിന് ശേഷം രാജ്യത്ത് ആദ്യമായാണ് ഭരണ അനുകൂല തരംഗം കാണാൻ സാധിക്കുന്നത്'' - മോദി പറഞ്ഞു.
മുൻപ് ഭരിച്ച സർക്കാരുകളേക്കാൾ കഴിഞ്ഞ അഞ്ച് വർഷക്കാലമാണ് ഒരു സർക്കാർ എങ്ങനെയായിരിക്കണമെന്ന് ജനങ്ങൾ കണ്ടത്. ബലാക്കോട്ടിൽ പാകിസ്ഥാന് മറുപടി കൊടുത്തതിന് ശേഷം ഭീകരവാദത്തെ ചെറുക്കാൻ മറ്റു രാജ്യങ്ങൾ ഇന്ത്യയ്ക്കൊപ്പം അണിനിരക്കുകയാണെന്നും മോദി വ്യക്തമാക്കി. കേരളത്തിൽ ബി.ജെ.പി പ്രവർത്തകർ ജീവൻ പണയം വച്ചാണ് ജീവിക്കുന്നത്. എന്നാൽ വാരണാസിയിലെ ജനങ്ങൾക്ക് അതിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു വാരാണാസിയിൽ നാമനിർദേശ പത്രിക സമർപ്പിക്കും. രാവിലെ കാലഭൈരവ ക്ഷേത്രത്തിൽ ദർശനം നടത്തുന്ന മോദി വാരാണസിയിലെ ബി.ജെ.പി ഭാരവാഹികളെ കാണും. ഉച്ചയ്ക്ക് 12 മണിയോടെ കളക്ടറേറ്റിൽ എത്തി പത്രിക സമർപ്പിക്കും. ബി.ജെ.പി പാർലമെന്ററി പാർട്ടി നേതാക്കളും എൻ.ഡി.എയുടെ പ്രമുഖനേതാക്കളും മോദിയെ അനുഗമിക്കും. എൻ.ഡി.എ നേതാക്കളെ അണിനിരത്തി ഐക്യ സന്ദേശം നൽകാനാണ് ബി.ജെ.പി ശ്രമിക്കുന്നത്.