തിരുവനന്തപുരം: കടലാക്രമണത്തെ തുടർന്ന് തീരദേശത്തുളള ജനങ്ങൾക്ക് ഒരു മാസത്തെ സൗജന്യ റേഷൻ നൽകാൻ മന്ത്രിസഭാ തീരുമാനം. സംസ്ഥാനത്തെ ശക്തമായ മഴയ്‌ക്കും, കാറ്റിനും, കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പും കണക്കിലെടുത്താണ് തീരപ്രദേശത്തെ ജനങ്ങൾക്ക് ഒരു മാസത്തേക്ക് സൗജന്യ റേഷൻ നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിയോടെയാണ് മന്ത്രസഭാ തീരുമാനത്തിന് അംഗീകാരം നൽകിയത് രണ്ട് ദിവസമായി തുടരുന്ന കനത്ത കടൽക്ഷോഭത്തിൽ വലിയ നാശനഷ്ടമാണ് സംസ്ഥാനത്തെ തീരപ്രദേശങ്ങളിലുണ്ടായത്.
ഇതോടൊപ്പം സർക്കാർ ജീവനക്കാരുടേയും പെൻഷൻക്കാരുടേയും ഇൻഷുറൻസ് പരിധി ആറ് ലക്ഷമാക്കി ഉയർത്താനും മന്ത്രിസഭായോഗത്തിൽ ധാരണമായി. റിലയൻസ് മുന്നോട്ട് വച്ച ഇൻഷുറൻസ് പദ്ധതി അംഗീകരിച്ചാണ് ഇൻഷുറൻസ് പരിധി ഉയർത്താൻ യോഗം തീരുമാനിച്ചത്. ഇതു കൂടാതെ ചീമേനി തുറന്ന ജയിലിൽ കഴിയുന്ന എഴുപത് വയസിന് മുകളിൽ പ്രായമുള്ള നാല് തടവുകാരെ വിട്ടയക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്. ജയിൽ ഉപദേശക സമിതി സമർപ്പിച്ച ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഇവരെ വിട്ടയക്കാൻ തീരുമാനിച്ചത്.