shobha-surendran

തിരുവനന്തപുരം : ഒരിയ്ക്കലും കുലുങ്ങാത്ത ഇടത് കോട്ടയെന്ന വിശേഷണമുള്ള ആറ്റിങ്ങൽ ലോക്സഭ മണ്ഡലം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പാർട്ടിയിലെ മുതിർന്ന നേതാവായ ശോഭ സുരേന്ദ്രനെ ബി.ജെ.പി നിയോഗിച്ചത്. സ്വദേശത്തിന്റെ ആനുകൂല്യം ലഭിക്കില്ലെന്ന് ഉറപ്പുണ്ടായിരുന്നിട്ടും വ്യക്തി പ്രഭാവത്താൽ അതെല്ലാം നിഷ്പ്രഭമാക്കി കരുത്തുറ്റ പോരാളിയാവാൻ ശോഭ സുരേന്ദ്രന് സാധിക്കും എന്ന പ്രതീക്ഷ പാർട്ടിക്കുണ്ടായിരുന്നു. ഇത് വ്യക്തമാക്കുന്നതായിരുന്നു പ്രചരണയോഗങ്ങളിലെ ജനപങ്കാളിത്തം. വിശ്വാസ സംരക്ഷണത്തിനായി തലസ്ഥാനത്ത് ബി.ജെ.പി നടത്തിയ നിരാഹാര സമരത്തിലൂടെയും, സമരമുഖങ്ങളിലെ തീപ്പൊരി പ്രസംഗങ്ങളിലൂടെയും ജനമനസുകളിൽ സ്ഥാനമുണ്ടായിരുന്ന ശോഭ സുരേന്ദ്രന് പരിചിതമല്ലാത്ത മണ്ഡലമായിട്ടുകൂടി പാർട്ടിക്ക് ആമുഖമായി പരിചയപ്പെടുത്തേണ്ട ആവശ്യം ഒട്ടുമുണ്ടായിരുന്നില്ല.

shobha-surendran

വോട്ടെടുപ്പ് കഴിഞ്ഞ് തിരഞ്ഞെടുപ്പിന്റെ തിരക്കിൽ നിന്ന് മാറിയ സമയത്തും പ്രചാരണരംഗത്ത് ജനം നൽകിയ സ്വീകരണവും ആവേശവും ഇപ്പോഴും തന്നിലുണ്ടെന്ന് ശോഭ സുരേന്ദ്രൻ പറയുന്നു. പ്രചരണ രംഗത്ത് മറക്കാനാവാത്ത ഒട്ടനവധി അനുഭവങ്ങളുണ്ടായി. അതിൽ എപ്പോഴും ഓർക്കുന്നത് ആറ്റിങ്ങൽ മണ്ഡലത്തിലെ കല്ലമ്പലം എന്ന സ്ഥലത്ത് വച്ചുണ്ടായതാണ്. സ്ഥാനാർത്ഥിക്ക് സ്വീകരണം നൽകവേ സി.പി.എം പ്രവർത്തകനെന്ന് സ്വയം വിശേഷിപ്പിച്ച് പ്രായം ചെന്ന ഒരാൾ തന്നെ ഒരു കടലാസ് മാല അണിയിച്ചെന്നും. അതിന് ശേഷം സ്വകാര്യമായി ആ മാല ഊരിമാറ്റരുതെന്നും കാരണം ഇത് അയ്യപ്പ വിശ്വാസികളുടെ പ്രാർത്ഥനയാണെന്നും പറഞ്ഞു. വിശ്വാസ സംരക്ഷണത്തിനായി താൻ മുന്നിട്ടിറങ്ങി ചെയ്ത കാര്യങ്ങൾ ജനമനസുകളിലുണ്ടെന്നത് അതോടെ തനിക്ക് വ്യക്തമായി. മാലയണിഞ്ഞയാളുടെ ആഗ്രഹം പോലെ കടലാസുമാല അന്നുമുഴുവൻ കഴുത്തിലണിഞ്ഞാണ് താൻ സ്വീകരണയോഗങ്ങളിൽ പങ്കെടുത്തതെന്നും ശോഭ സുരേന്ദ്രൻ പറയുന്നു. ഇതു പോലെ നിരവധി ഇടങ്ങളിൽ അമ്മമാരും സ്ത്രീകളും അവരുടെ അടുത്തയാളിനോട് പറയുന്നത് പോലെ ആഗ്രഹങ്ങളും, സങ്കടങ്ങളും പങ്കുവച്ചെന്നും ശോഭ സുരേന്ദ്രൻ വ്യക്തമാക്കി.