കൊളംബോ: ശ്രീലങ്കയിലെ സ്‌ഫോടന പരമ്പരയുടെ സൂത്രധാരൻ സഹ്രാൻ ഹാഷിം കൊല്ലപ്പെട്ടു. പ്രസിഡന്റ് മെെത്രിപാല സിരിസേനയാണ് ഇക്കാര്യം അറിയിച്ചത്. കൊളംബോയിലെ ഹോട്ടലിലെ സ്ഫോടനത്തിലാണ് ഇയാൾ കൊല്ലപ്പെട്ടത്. ഹാഷിമിന് ഇന്ത്യയിലും അനുയായികൾ ഉള്ളതായി വാർത്തകൾ പുറത്തുവന്നിരുന്നു. കോയമ്പത്തൂർ ജയിലിലുള്ള ഐ.എസ്. കേസ് പ്രതികളിൽ നിന്ന് ലഭിച്ച വിവരങ്ങൾ ഇന്ത്യ ശ്രീലങ്കയ്‌ക്ക് കൈമാറിയിരുന്നു. ഇന്ത്യയിൽ പ്രവർത്തനം വ്യാപിപ്പിക്കാൻ നാഷണൽ തൗഫിക് ജമാ അത്ത് തലവൻ പദ്ധതിയുമിട്ടിരുന്നു. ഇതിനിടെയാണ് ഹാഷിം കൊല്ലപ്പെട്ടെന്ന വാർത്ത പുറത്തുവരുന്നത്.
സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഐസിസ് ഏറ്റെടുത്തിരുന്നു. കഴിഞ്ഞ ചൊവ്വാവ്ച പുറത്തിറക്കിയ വീഡിയോയിൽ ഐ.എസിനോടുള്ള തങ്ങളുടെ കൂറുപ്രഖ്യാപിച്ച് പ്രതിജ്ഞയെടുക്കുന്ന എട്ടുഭീകരരിൽ സഹ്രാനുമുണ്ടായിരുന്നു. മറ്റ് ഏഴുപേർ മുഖംമറച്ചാണ് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടതെങ്കിൽ സഹ്രാൻ മുഖംമറയ്‌ക്കാതെയാണ് വീഡിയോയിലെത്തിയത്.
അതേസമയം, സ്‌ഫോടന പരമ്പരയിൽ പങ്കുണ്ടെന്ന് സംശയിക്കുന്നവരുടെ മൂന്നു സ്ത്രീകളടക്കം ആറുപേരുടെ ചിത്രങ്ങൾ ശ്രീലങ്കൻ അധികൃതർ പുറത്തുവിട്ടിരുന്നു. ഇവരുടെ പേരും മറ്റുവിവരങ്ങളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇവരെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ അറിയാവുന്നവർ പൊലീസിനെ അറിയിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.