pm-narendramodi-cinema

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കിയ പി.എം മോദി എന്ന ചിത്രത്തിന് തിരിച്ചടി. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ചിത്രം റിലീസ് ചെയ്യാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

ഒരു വ്യക്തിയെ പ്രകീർത്തിക്കുന്ന സിനിമയാണ് പി.എം മോദി എന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ കണ്ടെത്തിയിരുന്നു. ഇത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും ചിത്രം റിലീസ് ചെയ്യാൻ സാധിക്കില്ലെന്നും നേരത്തേ തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിയെ ചോദ്യം ചെയ്തു കൊണ്ട് സിനിമയുടെ നിർമാതാക്കൾ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

സിനിമ കണ്ടതിന് ശേഷം റിപ്പോർട്ട് നൽകാൻ കോടതി തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് സിനിമ കണ്ടതിന് ശേഷം കമ്മിഷൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഉത്തരവ്. തിരഞ്ഞെടുപ്പ് കഴിയുന്ന മെയ് 19വരെ ചിത്രം റിലീസ് ചെയ്യാൻ കഴിയില്ലെന്നാണ് കോടതിയുടെ തീരുമാനം. തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണ്ടെത്തൽ ശരിയാണെന്നും അതുകൊണ്ട് ഇതിൽ ഇടപെടാൻ കോടതിക്ക് താല്പര്യമില്ലെന്നും ചീഫ് ജസ്റ്റി‌സ് രഞ്ജൻ ഗൊഗോയ് വ്യക്തമാക്കി.

ബോളിവുഡ് താരം വിവേക് ഒബ്രോയിയാണ് മോദിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സരബ്‌ജിത്ത്, മേരികോം തുടങ്ങിയ ഹിറ്ര് ചിത്രങ്ങളുടെ സംവിധായകൻ ഒമംഗ് കുമാറാണ് പി.എം നരേന്ദ്രമോദി എന്ന ചിത്രം അണിയിച്ചൊരുക്കിയത്. വിവേക് ഒബ്രോയിയുടെ അച്ഛൻ സുരേഷ് ഒബ്രോയിയും, സന്ദീപ് സിംഗും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.