കൊച്ചി : കേരളത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് കഴിഞ്ഞതോടെ തിരഞ്ഞെടുപ്പിലെ പ്രകടനത്തെക്കുറിച്ചുള്ള വിലയിരുത്തലിലേക്ക് പാർട്ടികൾ കടന്നു. കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന ആർ.എസ്.എസ് യോഗത്തിൽ സംസ്ഥാനത്ത് ബി.ജെ.പിയുടെ വിജയ സാധ്യതയെകുറിച്ച് വിശദമായ ചർച്ച നടന്നു. കൊച്ചിയിലെ ആർ.എസ്.എസ് കാര്യാലയത്തിലായിരുന്നു യോഗം. വോട്ടെടുപ്പും പ്രചാരണവും വിലയിരുത്തിയ യോഗത്തിൽ തിരുവനന്തപുരവും പത്തനംതിട്ടയിലും താമരവിരിയുമെന്ന് ഉറപ്പാക്കിയിരിക്കുകയാണ്. ഇതിൽ തലസ്ഥാനത്തെ വിജയം സുനിശ്ചിതമാണെന്നും പത്തനംതിട്ടയിൽ ആകെ പോൾ ചെയ്ത പത്തു ലക്ഷം വോട്ടുകളിൽ നാലുലക്ഷത്തിനടുത്ത് വോട്ട് സുരേന്ദ്രൻ നേടുമെന്നും ബാക്കി എൽ.ഡി.എഫിനും യു.ഡി.എഫിനും തുല്യമായി ലഭിച്ചാൽ സുരേന്ദ്രൻ വിജയിക്കുമെന്നും കണക്കുകൂട്ടി.
തിരുവനന്തപുരവും പത്തനംതിട്ടയും കഴിഞ്ഞാൽ ബി.ജെ.പി ഏറെ പ്രതീക്ഷ വച്ചിരുന്ന സീറ്റാണ് തൃശൂർ. കെ.സുരേന്ദ്രനെ അവിടെ മത്സരിപ്പിക്കണമെന്ന് കരുതി വളരെ മുൻപേ തൃശൂരിൽ ഗ്രൗണ്ട് വർക്കുകൾ പാർട്ടി പൂർത്തീകരിച്ചിരുന്നു. എന്നാൽ ബി.ഡി.ജെ.എസുമായുള്ള സീറ്റ് വിഭജനചർച്ചകൾ നീണ്ട് പോയതോടെ വൈകിയാണ് സുരേഷ് ഗോപിക്ക് അവിടെ പ്രവർത്തനം തുടങ്ങാൻ കഴിഞ്ഞത്. എന്നാൽ വ്യക്തി പ്രഭാവം കൊണ്ട് അതെല്ലാം മറികടക്കാൻ സുരേഷ്‌ഗോപിക്ക് കഴിഞ്ഞു. മറ്റു കക്ഷികൾ പ്രചരണത്തിന്റെ രണ്ടാം ഘട്ടം പൂർത്തിയാക്കിയ വേളയിലാണ് സുരേഷ് ഗോപി സ്ഥാനാർത്ഥിയായി മണ്ഡലത്തിലെത്തിയത്. അതിന് ശേഷം മണ്ഡലത്തിലെ പ്രചാരണവിഷയങ്ങൾ സുരേഷ് ഗോപിയെ ചുറ്റിയുള്ളതായിരുന്നെന്നും യോഗം വിലയിരുത്തി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനേക്കാൾ ഇരട്ടിയിലധികം വോട്ടുകൾ സുരേഷ് ഗോപിയുടെ പ്രചാരണ മികവിൽ ബി.ജെ.പി നേടുമെന്നു കണക്കാക്കിയ യോഗം മണ്ഡലത്തിലെ വിജയസാധ്യത സുരേഷ് ഗോപിയുടെ വ്യക്തിപ്രഭാവത്തെ അനുസരിച്ചായിരിക്കുമെന്നും കണക്കാക്കി.