pm-kisan-nidhi-

കൊച്ചി: രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യമെന്ന വിമർശനം ഒട്ടേറെ കേട്ടെങ്കിലും രാജ്യത്തെ കർഷകർക്ക് മികച്ച ആശ്വാസമാകുകയാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതി. ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി,​ കേന്ദ്രമന്ത്രി പീയുഷ് ഗോയൽ അവതരിപ്പിച്ച,​ 2019-20 വർഷത്തേക്കുള്ള ബഡ്‌ജറ്റിലാണ് പി.എം. കിസാൻ പദ്ധതി ഇടംപിടിച്ചത്.

12 കോടിയോളം വരുന്ന ചെറുകിട-ഇടത്തരം കർഷകർക്ക് പ്രതിവർഷം മൂന്നു ഗഡുക്കളായി 6,​000 രൂപ വീതം നൽകുന്ന പദ്ധതിയാണിത്. പണം കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക്പണം കേന്ദ്രം നേരിട്ട് നൽകും. രണ്ട് ഹെക്‌ടറിൽ താഴെ കൃഷി ഭൂമിയുള്ളവരാണ് യോഗ്യർ. മൊത്തം 75,​000 കോടി രൂപയുടെ പദ്ധതി. മുൻകാല പ്രാബല്യത്തോടെ നടപ്പാക്കിയ പദ്ധതിക്കായി,​ 2018-19ൽ മാത്രം 20,​000 കോടി രൂപ വിതരണം ചെയ്യുകയായിരുന്നു ലക്ഷ്യം. ഇതുവരെയുള്ള കണക്കുപ്രകാരം 10,​500 കോടി രൂപ വിനിയോഗിച്ചു. 3.10 കോടി കർഷകർ ആദ്യ ഗഡുവായ 2,000 രൂപയും 2.10 കോടി കർഷകർ രണ്ടാംഗഡുവും ചേർത്തുള്ള 4,000 രൂപയും നേടി. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിയോട് കൂടിയായിരുന്നു തുക വിതരണം.

ഉത്തർപ്രദേശിലെ കർഷകരാണ് ഇക്കാര്യത്തിൽ നേട്ടം കാെയ്തത്. ഇവിടെ ഒരുകോടിയിലേറെ പേർ പണം കൈപ്പറ്റി. കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ പട്ടികപ്രകാരം യു.പിയിൽ 1.08 കോടി പേരാണ് ഗുണഭോക്താക്കൾ.

ആന്ധ്പ്രദേശ് (33 ലക്ഷം)​,​ ഗുജറാത്ത് (27.3 ലക്ഷം)​,​ മഹാരാഷ്‌ട്ര (14.3 ലക്ഷം)​,​ പഞ്ചാബ് (11 ലക്ഷം)​,​ തമിഴ്‌നാട് (19.45 ലക്ഷം)​,​ തെലങ്കാന (18.75 ലക്ഷം)​ എന്നിവയാണ് ഏറ്റവുമധികം ഗുണഭോക്താക്കുള്ള മറ്റ് സംസ്‌ഥാനങ്ങൾ. ചണ്ഡീഗഡിലാണ് ഏറ്റവും കുറവ് ഗുണഭോക്താക്കളുള്ളത് (47)​. ദാമൻ ആൻഡ് ദിയു ആണ് തൊട്ടുപിന്നിൽ (2,​020 പേർ)​.

കേരളത്തിൽ നിന്ന് 9.31 ലക്ഷം കർഷകർ

പി.എം. കിസാൻ സമ്മാൻ നിധിയിൽ ഗുണഭോക്താക്കളായ കേരള കർഷകരുടെ എണ്ണവും കുറവല്ല. 9,​31,​816 പേർക്കാണ് സംസ്ഥാനത്ത് അർഹത. ഇവർക്ക് 6,​000 രൂപ വീതം ലഭിക്കുമ്പോൾ 559.08 കോടി രൂപയാണ് കേരളത്തിലേക്ക് എത്തുക.

കൃഷി മന്ത്രാലയം പുറത്തുവിട്ട,​ മാർച്ച് ഏഴ് വരെയുള്ള കണക്കുപ്രകാരം കേരളത്തിൽ നിന്ന് 3.37 ലക്ഷം പേർ പദ്ധതിയുടെ ആദ്യ ഗഡുവായ 2,​000 രൂപ കൈപ്പറ്റി. ഇതുവഴി 67.42 കോടി രൂപ കേരളത്തിലെത്തി.

വെറും 6,​000 രൂപയോ?​

എന്താണ് പ്രയോജനം?​

6,​000 രൂപയുടെ പി.എം. കിസാൻ സമ്മാൻ നിധി കർഷകരെ പരിഹസിക്കുന്നതെന്നായിരുന്നു ഇവിടെ പ്രധാന വിമർശം. വിളകൾക്ക് മികച്ച വിലയും കടബാദ്ധ്യതയിൽ നിന്ന് മുക്തരാകാനുള്ള പദ്ധതികളുമാണ് എന്നാണ് മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് ഉൾപ്പെടെ ചൂണ്ടിക്കാട്ടിയത്.തുക തുച്‌ഛമാണെങ്കിലും രാജ്യത്തെ 87 ശതമാനം കർഷകർക്കും അത് ആശ്വാസമാണെന്ന് നബാർഡിന്റെ പഠന റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. രാജ്യത്ത് രണ്ടു ഹെക്‌ടറിൽ താഴെ ഭൂമിയുള്ള കർഷകർ പ്രതിമാസം ശരാശരി മിച്ചം പിടിക്കുന്നത് 465 രൂപ മുതൽ 8,​136 രൂപയാണ്. ഇവർക്ക് പ്രതിവർഷം കിട്ടുന്ന 6,​000 രൂപ നല്ല ബോണസ് തന്നെയാണെന്ന് റിപ്പോർട്ട് പറയുന്നു.