ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വാരണാസിയിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. വാരാണസി ജില്ലാ കളക്ട്രേറ്റിലെത്തിയാണ് മോദി നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. മോദിക്കൊപ്പം അമിത് ഷാ അടക്കം ബി.ജെ.പിയുടെ മുതിർന്ന നേതാക്കളും എൻ.ഡി.എ നേതാക്കളും കളക്ട്രേറ്റിലെത്തിയിരുന്നു. ചൗക്കിദാർ പ്രയോഗത്തിന്റെ തുടർച്ചയെന്നോണം ഈ പേരു നിർദ്ദേശിച്ച സെക്യൂരിറ്റി ജീവനക്കാരനായ രാം ശങ്കർ പട്ടേൽ ആണ് പ്രധാനമന്ത്രിയുടെ നാമനിർദ്ദേശപത്രികയിൽ ഒപ്പുവച്ചത്. അദ്ധ്യാപിക നന്ദിത ശാസ്ത്രി, ദളിത് നേതാവ് ജഗദീഷ് ചൗധരി, ബി.ജെ.പി പ്രവർത്തകൻ സുഭാഷ് ഗുപ്ത എന്നിവരാണ് പത്രികയിൽ പേരു നിർദ്ദേശിച്ച മറ്റുള്ളവർ.
ഇന്ന് രാവിലെ 11.40ന് ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ശിവസേന നേതാവ് ഉദ്ധവ് താക്കറെ, ശിരോമണി അകലിദൾ നേതാവ് സുഖ്ബീർ സിംഗ്, കേന്ദ്ര മന്ത്രി രാം വിലാസ് പസ്വാൻ, ബി.ജെ.പി സഖ്യകക്ഷി നേതാക്കൾ തുടങ്ങിയ പ്രമുഖരുടെ സാന്നിദ്ധ്യത്തിലായിരുന്നു പത്രികാ സമർപ്പണം. രാവിലെ ബൂത്തുതല പ്രവർത്തകരെ അഭിസംബോധന ചെയ്‌ത ശേഷം മോദി കാലഭൈരവ ക്ഷേത്രത്തിൽ ദർശനം നടത്തി. വാരണാസിയിൽ ഇന്നലെ വൈകിട്ട് നടത്തിയ റോഡ്ഷോയോടു കൂടി മോദി മണ്ഡലത്തിൽ ഔദ്യോഗിക തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചത്.
ബനാറസ് ഹിന്ദു സർവകലാശാലയ്‌ക്ക് സമീപമുള്ള ലങ്കാ ഗേറ്റിലെ മദൻ മോഹൻ മാളവ്യയുടെ പ്രതിമയുടെ അടുത്തു നിന്നും ആരംഭിച്ച റോഡ് ഷോ ദശാശ്വമേദ് ഘട്ടിൽ അവസാനിച്ചു. ഏഴു കിലോമീറ്റർ നീണ്ട റോഡ് ഷോയുടെ അവസാനം മോദി ദശാശ്വമേദ് ഘട്ടിൽ ഗംഗാ സ്‌നാനവും പൂജയും നടത്തി. മേയ് 19നാണ് വാരണാസിയിൽ തിരഞ്ഞെടുപ്പ്. മണ്ഡലത്തിലെ പ്രമുഖ വ്യക്തിത്വങ്ങളുമായി മോദി ചർച്ച നടത്തി. തന്നെ പ്രധാനമന്ത്രിയാക്കിയ വാരാണസി നൽകിയ ശക്തിയാണ് ഭീകരർക്കെതിരെ പോരാടാൻ പ്രചോദനമായതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആദ്യ മൂന്ന് ഘട്ടത്തിലും ഉത്തർപ്രദേശിൽ കാര്യമായ നേട്ടം ബി.ജെ.പി ക്ക് ലഭിക്കില്ലെന്ന സൂചനകൾക്കിടെ നടത്തിയ റോഡ് ഷോയിലൂടെ കിഴക്കൻ ഉത്തർപ്രദേശിൽ നേട്ടം കൊയ്യാൻ കഴിയുമെന്നാണ് ബി.ജെ.പി പ്രതീക്ഷിക്കുന്നത്.