ന്യൂഡൽഹി: താൻ രാഷ്ട്രീയത്തിലേക്കില്ലെന്ന് തുറന്നു പറഞ്ഞ് മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ. രാഷ്ട്രീയ പാർട്ടിയിൽ പ്രവർത്തിക്കുന്നത് കുടുംബ ജീവിതം സുഖകരമാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
''താൻ രാഷ്ട്രീയത്തിലേക്കിറങ്ങിയാൽ ഭാര്യ തനിക്കൊപ്പം ജീവിക്കില്ലെന്നാണ് പറയുന്നത് അതുകൊണ്ട് രാഷ്ട്രീയത്തിലേക്കില്ല. ചിലർ വന്ന് പ്രഭാഷണങ്ങൾ നടത്തി വോട്ട് നേടുന്നു എന്നല്ലാതെ രാഷ്ട്രീയത്തിൽ ഒരു മാറ്റങ്ങളുമില്ല. അത് എല്ലായിടത്തും ഒരുപോലെയാണ്. എനിക്കതിൽ ഒരു തരത്തിലുള്ള അഭിരുചികളുമില്ല'' - രഘുറാം രാജൻ പറഞ്ഞു.
കോൺഗ്രസ് അധികാരത്തിലെത്താൻ ഒരുപാട് കമ്പകൾ കടക്കാനുണ്ട്. നിർഭാഗ്യവശാൽ തനിക്ക് മന്ത്രി പദം ലഭിക്കുകയാണെങ്കിൽ ആ ജോലി ഞാൻ കൃത്യമായി നിർവ്വഹിക്കും. പൊതുമേഖലയിലായിരിക്കും പ്രധാനമായി പ്രവർത്തിക്കുന്നതെങ്കിലും വിദ്യാഭ്യാസ മേഖലയ്ക്കായിരിക്കും മുൻതൂക്കം നൽകുകയെന്നും അദ്ദേഹം പറഞ്ഞു.
പുതിയ രാഷ്ട്രീയ പാർട്ടി ഉണ്ടാക്കുന്നതിനോടോ ഒരു രാഷ്ട്രീയ പാർട്ടിയിൽ പ്രവർത്തിക്കുന്നതിനോടോ താല്പര്യമില്ല. എന്റെ കാഴ്ചപ്പാടുകൾ എല്ലാവർക്കും അറിയാം. തന്റെ എഴുത്തുകളിലെല്ലാം അത് വ്യക്തമാക്കിയിട്ടുണ്ട്. ഒരിക്കലും രാഷ്ട്രീയ പ്രവർത്തകനാകാൻ ആഗ്രഹിക്കുന്നില്ലെന്നും രഘുറാം കൂട്ടിച്ചേർത്തു.
മോദി സർക്കാർ അധികാരമേറ്റ് അധികം താമസിയാതെ അന്ന് റിസർവ് ബാങ്ക് ഗവർണറായ രഘുറാം രാജനെതിരെ പരസ്യ പ്രസ്താവനകൾ നടത്തിയിരുന്നു. ലോകത്തിലെ തന്നെ മികച്ച സാമ്പത്തിക വിദഗ്ദരിൽ ഒരാളായ രഘുറാം രാജനെതിരെ പ്രമുഖ ബി.ജെ.പി അംഗങ്ങളും മന്ത്രിമാരുമെല്ലാം നിലകൊണ്ട അവസ്ഥവരെ ഉണ്ടായി. രഘുറാം രാജന്റെ പരിഷ്‌കരണങ്ങൾ സാമ്പത്തിക നിലയെ പിന്നോട്ടടിക്കുന്നതാണെന്നായിരുന്നു കേന്ദ്ര സർക്കാർ വൃത്തങ്ങളുടെ ആക്ഷേപം. ഇതിനെ തുടർന്ന് അദ്ദേഹം റിസർവ് ബാങ്ക് ഗവർണർ പദവി രാജിവയ്കുകയും ചെയ്തിരുന്നു.