sell-infants

ചെന്നൈ: മുപ്പതുവർഷക്കാലം കുട്ടികളെ അനധികൃതമായി ദത്തെടുത്ത് വിൽപന നടത്തിയിരുന്ന മുൻ നഴ്‌സിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. നാമക്കൽ ജില്ലയിലെ രാശിപുരത്താണ് സംഭവം. പ്രദേശത്തെ സർക്കാർ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്‌തിരുന്ന അമുദ എന്ന സ്ത്രീയുടെ ഫോൺ സംഭാഷണത്തിലൂടെയാണ് നാടിനെ നടുക്കുന്ന വിവരങ്ങൾ പുറത്തായത്. അമുദയുമായി ഇടപാടുകാരൻ നടത്തുന്ന ഫോൺ സംഭാഷണം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് ആരോഗ്യ വകുപ്പ് അന്വേഷണത്തിന് നിർദ്ദേശിച്ചത്. തുടർന്ന് കഴിഞ്ഞ ദിവസം ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

കുട്ടികളെ വിൽക്കുന്നതിന് ഇടനിലക്കാരായി പ്രവർത്തിച്ച ഇവർക്ക് മുപ്പതിനായിരം രൂപ വീതമാണ് കമ്മീഷൻ ഇനത്തിൽ ലഭിച്ചിരുന്നത്. അമുദയുടെ സഹായത്തോടെ 4500 ഓളം കുട്ടികളുടെ വിൽപ്പന നടന്നിട്ടുണ്ടെന്നും,​ സംസ്ഥാനത്താകെ കണ്ണികളുള്ള വൻ റാക്കറ്റാണ് ഇതിനു പിന്നിലെന്നും പൊലീസ് സംശയിക്കുന്നു. വ്യാജ ജനന സർട്ടിഫിക്കറ്റ് തയ്യാറാക്കിയാണ് കുട്ടികളെ ഇവർ വിറ്റിരുന്നതെന്നും പൊലീസ് പറഞ്ഞു.

പെൺകുട്ടിക്ക് രണ്ടേമുക്കാൽ ലക്ഷം രൂപയും ആൺകുട്ടിക്ക് നാലു ലക്ഷം രൂപയുമാണ് ഇവർ ആവശ്യക്കാരിൽ നിന്ന് ഈടാക്കിയിരുന്നതെന്നും എസ്‌.പി ആർ.ആരുളരസു വ്യക്തമാക്കി. ഇവരുടെ ഫോൺ സംഭാഷണവും പൊലീസ് പുറത്തുവിട്ടു. 'കുട്ടികളുടെ നിറം, ശരീരപ്രകൃതം, ആൺകുട്ടിയാണോ പെൺകുട്ടിയാണോ എന്നത് അനുസരിച്ചാണ് വില തീരുമാനിക്കുന്നത്. ആൺകുട്ടിയാണെങ്കിൽ 4.25 ലക്ഷം രൂപ മുതലാണ് വില പെൺകുട്ടിക്ക് 2.70 ലക്ഷം രൂപയും' അമുദവല്ലി ഫോണിൽ പറയുന്നു. കാണാൻ കുറച്ചുകൂടി ആകർഷത്വമുള്ള കുട്ടിയാണെങ്കിൽ വില കുറച്ചുകൂടി കൂടും. 30,000 രൂപ അഡ്വാൻസായി തന്നാൽ മാത്രമെ കച്ചവടത്തിലേക്ക് കടക്കൂവെന്നും അമുദവല്ലി പറയുന്നു. ഫോണിൽ ബന്ധപ്പെട്ട സതീഷ് എന്നയാളോട് വീട്ടിൽ വന്ന് എങ്ങനെയാണ് കുട്ടികളുടെ വിൽപ്പനയെന്ന് നേരിൽ മനസിലാക്കാമെന്ന് അമുദവല്ലി പറയുന്നുണ്ട്.

ഇതുസംബന്ധിച്ച് സംസ്ഥാന ആരോഗ്യ സെക്രട്ടറിയുടെ നിർദേശത്തെത്തുടർന്ന് ജില്ലാ കളക്ടർ പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചു. നഴ്സായി ജോലി ചെയ്തിരുന്ന താൻ ബിസിനസ് നടത്താനായി സ്വയം വിരമിക്കുകയായിരുന്നുവെന്ന് അമുദ ശബ്ദ രേഖയിൽ പറയുന്നുണ്ട്. കോർപറേഷനിൽ നിന്നു ജനന സർട്ടിഫിക്കറ്റ് ശരിയാക്കി നൽകുന്നതിനു 75000 രൂപ വേറെ നൽകണമെന്നും പറയുന്നുണ്ട്. ഒന്നിലേറെ കുട്ടികളുള്ള പാവപ്പെട്ട കുടുംബങ്ങൾ, ഭർത്താവ് ഉപേക്ഷിച്ചു പോയ സ്ത്രീകൾ,ഗർഭിണികളായ അവിവാഹിതർ എന്നിവരെയാണു അമുദയും സംഘവും നോട്ടമിടുന്നതെന്ന് പൊലീസ് പറഞ്ഞു.