maryam

കസാവോ : ഭർത്താവ് ഉപേക്ഷിച്ച് പോയതോടെ തന്റെ 38മക്കളുമായി ദുരിതത്തലായിരികുകയാണ് 39കാരിയായ മറിയം എന്ന യുവതി. ഉഗാണ്ടയിലെ കംപലയിൽ നിന്ന് 50 കിലോമീറ്റർ അകെല കാപ്പിത്തോട്ടങ്ങൾക്ക് നടുവിലെ ഗ്രാമത്തിൽ തകർന്ന് വീഴാറായ വീട്ടിലാണ് മക്കളുമൊത്ത് മറിയം കഴിയുന്നത്. മൂന്നു വർഷത്തിന് മുൻപ് ഭർത്താവ് ഉപേക്ഷിച്ച് പോയതോടെ 38 മക്കളെയും പോറ്റേണ്ട ബാധ്യത മറിയത്തിന്റെ ചുമലിലാണ്.

രണ്ടര വർഷത്തിന് മുൻപായിരുന്നു മറിയത്തിന്റെ അവസാനത്തെ പ്രസവം. വളരെയെറേ ആരോഗ്യ പ്രശ്നങ്ങളുണ്ടായ പ്രസവത്തിൽ ഇരട്ടക്കുഞ്ഞുങ്ങളിൽ ഒന്ന് ചാപിള്ളയായിരുന്നു. ഇതിന് പിന്നാലെയാണ് മറിയത്തെ ഭർത്താവ് ഉപേക്ഷിച്ച് പോയത്. 12ആം വയസിലാണ് മറിയം നബാതൻസി തന്റെ ആദ്യ ഇരട്ടക്കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നത്. ഇതിനു ശേഷം 39 വയസിനിടെ പതിന‍ഞ്ച് പ്രസവങ്ങൾ നടന്നു. ഇരട്ടകളും,​ ട്രിപ്ലെറ്റ്സ് (ഒറ്റ പ്രസവത്തിൽ 3 കുട്ടികൾ), ക്വാഡ്രുപ്ലെറ്റ്സ് ( ഒറ്റ പ്രസവത്തിൽ 4 കുട്ടികൾ) ഒക്കെയായി 38 കുട്ടികൾ. കൂടാതെ പല പ്രസവങ്ങളിലായി ആറ് കുട്ടികൾ മരിച്ചിട്ടുമുണ്ട്.

maryam

ആദ്യ പ്രസവത്തിന് ശേഷം തന്നെ ഇവരുടെ ഗർഭപാത്രം അസാധാരണമാം വിധം വലുതാണെന്നും അതുകൊണ്ട് തന്നെ ജനന നിയന്ത്രണ മാർഗങ്ങൾ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും ഡോക്ടർമാർ അറിയിച്ചിരുന്നു. പൊതുവെ ജനനനിരക്ക് കൂടുതലായ ആഫ്രിക്കൻ രാജ്യങ്ങളിലൊന്നാണ് ഉഗാണ്ട. എന്നിട്ടു കൂടി മറിയത്തിന്റെ വലിയ കുടുംബം ഇവരെ കൂട്ടത്തിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു.

''കണ്ണീരിലാണ് ഞാൻ വളർന്നത്, ഭർത്താവിനെ കാരണം വളരെയേറെ കഷ്ടപ്പാടുകളിലൂടെയാണ് ജീവിതം മുന്നോട്ട് പോയത്. എന്റെ എല്ലാ സമയവും കുട്ടികളെ നോക്കിയും പണത്തിനായി ജോലിയെടുത്തുമാണ് കടന്നു പോയി.''

ആക്രി കച്ചവടം, ആയുർവേദ മരുന്ന് കച്ചവടം, പ്രാദേശിക മദ്യവിൽപ്പന,​ കേശാലങ്കാരം തുടങ്ങി പണത്തിനായി നിരവധി ജോലികളാണ് ചെയ്തത്. കഷ്ടപ്പെട്ട സമ്പാദിക്കുന്ന പണം മുഴുവൻ ആഹാരത്തിനും വസ്ത്രത്തിനും കുട്ടികളുടെ പഠനാവശ്യങ്ങൾക്കുമായാണ് ചിലവഴിക്കുന്നത്. മറിയത്തിന്റെ കഷ്ടപ്പാടുകളുടെ ഫലമെന്നോണം വീടിന്റെ ചുമരുകളിൽ മക്കൾ കഴുത്തിൽ സ്വർണ്ണ മെഡലുമായി ഗ്രാഡ്വേഷൻ നേടുന്ന ചിത്രങ്ങളുണ്ട്. ഒരിക്കലെങ്കിലും അവരുടെ കഷ്ടപ്പാടുകൾക്ക് മറുപടി ലഭിക്കുമെന്ന് വിശ്വാസത്തിലാണ് ഈ അമ്മ.

''അമ്മയ്ക്ക് ജോലിഭാരം വളരെ കൂടുതലാണ്.. ഭക്ഷണം ഉണ്ടാക്കാനും അലക്കാനുമൊക്കെ ഞങ്ങളെക്കൊണ്ട് ആകുന്ന പോലെ അമ്മയെ സഹായിക്കാറുണ്ടെങ്കിലും കുടുംബത്തിന്റെ ഭാരം മുഴുവൻ അമ്മയുടെ ചുമലിലാണ്. ചിലപ്പോൾ അതോർത്ത് സങ്കടം തോന്നാറുണ്ട്..'' മറിയത്തിന്റെ മൂത്ത മകൻ ഇവാൻ കിബുക (23)​ പറയുന്നു. പണമില്ലാത്തതിനാൽ ഇവാന് പകുതി വഴിക്ക് പഠനം ഉപേക്ഷിക്കേണ്ടി വന്നു.