ന്യൂഡൽഹി: കല്ലട ബസ് ട്രാവലിൽ യാത്രക്കാർ ആക്രമിക്കപ്പെട്ട സംഭവത്തെ തുടർന്ന് കേരളത്തിൽ നിന്നും ബെംഗളൂരിവലേക്ക് പുതിയ ഒരു ട്രെയിനിന് കൂടി അനുമതി ലഭിക്കാൻ സാധ്യത. കേരളത്തിൽ നിന്നും ബെംഗളൂരിവലേക്ക് ഒരു പ്രതിവാര ട്രെയിൻ കൂടി അനുവദിക്കാൻ റെയിൽവെ തീരുമാനിച്ചതായാണ് വിവരം. കേരള ഗതാഗത വകുപ്പ് സെക്രട്ടറി കെ.ആർ ജ്യോതിലാൽ കേന്ദ്ര റെയിൽവെ ബോർഡ് മെമ്പർ ഗിരീഷ് പിള്ളയുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് പുതിയ ട്രെയിൻ ലഭിക്കാനുള്ള വഴി തുറന്നത്.
കേരളത്തിൽ നിന്നും ബെംഗളൂരുവിലേക്ക് കൂടുതൽ പ്രതിദിന ട്രെയിനുകൾ വേണമെന്ന് കേരളം ശക്തിയായി മുമ്പ് വാദിച്ചുവെങ്കിലും ഇത് റെയിവെ അംഗീകരിച്ചിരുന്നില്ല. എന്നാൽ, നിലവിലെ സാഹചര്യം പരിഗണിച്ച് ബെംഗളൂരുവിലേക്ക് ഒരു പ്രതിവാര സ്പെഷ്യൽ ട്രെയിൻ അടിയന്തരമായി അനുവദിക്കാം എന്ന നിലപാട് റെയിൽവെ എടുത്തതായി ജ്യോതിലാൽ അറിയിച്ചു. എന്നാൽ, തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഇക്കാര്യത്തിൽ ഒരു ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവാൻ സാധ്യതയില്ല.
അതേസമയം, പുതിയ പ്രതിവാര തീവണ്ടിക്കുള്ള സാധ്യതയും സമയക്രമവും പരിശോധിച്ച് റിപ്പോർട്ട് അയക്കാനുള്ള നിർദേശം ഡൽഹിയിലെ റെയിൽവെ ബോർഡ് ആസ്ഥാനത്ത് നിന്നും ദക്ഷിണറെയിൽവെ ആസ്ഥാനത്ത് ലഭിച്ചിട്ടുണ്ട്. ഞായറാഴ്ച കേരളത്തിൽ നിന്നും ബെംഗളൂരുവിലേക്ക് സർവീസ് നടത്തുന്ന രീതിയിലാവണം ട്രെയിനിന്റെ സമയക്രമം എന്നാണ് ഡൽഹിയിൽ നിന്നുള്ള നിർദേശം. നിലവിൽ അഞ്ച് ട്രെയിനുകൾ കേരളത്തിൽ നിന്നും ബെംഗളൂരുവിലേക്ക് നിത്യേന സർവീസ് നടത്തുന്നുണ്ട്. എന്നാൽ, പ്രതിവാര തീവണ്ടികൾ പലതും ദിവസേനയുള്ള സർവീസാക്കി മാറ്റണമെന്ന ആവശ്യം കാലങ്ങളായി റെയിൽവേക്ക് മുന്നിലുണ്ടെങ്കിലും ഇതേവരെ അനുകൂലമായ നടപടികളൊന്നുമുണ്ടായിട്ടില്ല.