വൈപ്പിൻ: മദ്യപിച്ച് ലക്കുകെട്ട യുവതി വഴിയാത്രക്കാരെ ഇടിച്ചുവീഴ്ത്തുകയും വിവിധ വാഹനങ്ങളിൽ കാർ ഇടിച്ചു കയറ്റുകയും ചെയ്തു. ഇന്നലെ രാത്രി എട്ടുമണിയോടെ സംസ്ഥാന പാതയിൽ വൈപ്പിനടുത്തുള്ള കുഴുപ്പിള്ളി ഭാഗത്തായിരുന്നു യുവതിയുടെ പരാക്രമം. കാർ നാട്ടുകാർ തടഞ്ഞുവെച്ചതിനെ തുടർന്ന് പൊലീസെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പലതവണ മറ്റു വാഹനങ്ങളിൽ ഇടിക്കുകയും ഉരസുകയും ചെയ്തതിനെ തുടർന്നാണ് നാട്ടുകാർ കാറിനെ പിന്തുടർന്ന് യുവതിയെ പിടികൂടിയത്. കാർ ഓടിച്ച യുവതി ഇടപ്പള്ളി സ്വദേശിനിയാണെന്ന് ഞാറയ്ക്കൽ പൊലീസ് പറഞ്ഞു. സംഭവത്തിൽ ഒരു ഓട്ടോ ഡ്രൈവർക്കും രണ്ട് വഴിയാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്.
റോഡരികിലെ കടയിൽ നിന്നു പുറത്തിറങ്ങിയ എടവനക്കാട് സ്വദേശിനി യാസിനിയെയും (46),മകൻ അക്ബറിനെയും (12) കാറിലെത്തിയ യുവതി ഇടിച്ചുവീഴ്ത്തി. പരിക്കേറ്റ ഇരുവരെയും വിദഗ്ദ ചികിത്സയ്ക്കായി എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കാർ ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ റോഡരികിലെ കടയിലേക്ക് ഇടിച്ചുകയറിയാണ് ഡ്രൈവർക്ക് പരിക്കേറ്റത്.
ബ്രത്തലൈസർ ഉപയോഗിച്ചു നടത്തിയ പരിശോധനയിൽ പൊലീസ് ഞെട്ടി. യുവതി അമിതമായി മദ്യപിച്ചിരുന്നതായി വ്യക്തമായെന്നും വിശദമായ മെഡിക്കൽ പരിശോധന ആവശ്യമാണെന്നും പൊലീസ് പറഞ്ഞു. പരിശോധനയുടെ അടിസ്ഥാനത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് ഞാറയ്ക്കൽ എസ്.ഐ അറിയിച്ചു. സൃഹൃത്തുക്കളായ രണ്ടു പുരുഷന്മാരും ഒരു സ്ത്രീയും യുവതിക്കൊപ്പം കാറിൽ ഉണ്ടായിരുന്നു.