കണ്ണൂർ : കണ്ണൂർ ജില്ലാ ജയിലിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് ചായയിൽ ഉറക്കഗുളിക ചേർത്ത് നൽകി തടവുകാർ. ഉദ്യോഗസ്ഥരെ മയക്കിയ ശേഷം ജയിൽ ചാടാനാണ് ഇവർ പദ്ധതിയിട്ടത്. ബുധനാഴ്ച രാവിലെയാണ് സംഭവം. അന്നേ ദിവസം അടുക്കളയിൽ ജോലിക്കായി കൊലക്കേസ് പ്രതിയടക്കം മൂന്ന് പേരെയാണ് നിയോഗിച്ചിരുന്നത്. ഇവർ ചായ പാത്രത്തിലേക്ക് പകർന്ന ശേഷം പൊതിയിൽ കൊണ്ട് വന്ന ഉറക്കഗുളിക ചേർത്ത് ഇളക്കുകയായിരുന്നു. അന്നേ ദിവസം രാത്രി ജയിലിൽ നാല് ഉദ്യോഗസ്ഥരാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഇവർ മൂന്ന് പേർക്ക് ചായനൽകി, മറ്റൊരു ഉദ്യോഗസ്ഥൻ ഉറക്കത്തിലായിരുന്നു. ചായകുടിച്ചതോടെ ഉദ്യോഗസ്ഥർ മയങ്ങുകയും താക്കോൽ കരസ്ഥമാക്കിയ തടവുകാർ പ്രധാനഗേറ്റിനടുത്തേയ്ക്ക് പുറത്തുപോകാനായി നടക്കുന്നതും സി.സി.ടിവിയിലുണ്ട്. എന്നാൽ ഇതേ സമയം ചായ കുടിക്കാതിരുന്ന ഉറക്കത്തിലായിരുന്ന ഉദ്യോഗസ്ഥൻ ഉണരുകയും ഇവരെ കാണുകയും ചെയ്തതോടെയാണ് ജയിൽപുള്ളികളുടെ പദ്ധതി പൊളിച്ചത്.
ചായകുടിച്ച ഒരു ഉദ്യോഗസ്ഥന് അസ്വസ്ഥതയുണ്ടായതോടെ ഡോക്ടറെ സമീപിച്ചിരുന്നു. ഭക്ഷ്യവിഷബാധയാണെന്നാണ് കരുതിയത്. എന്നാൽ സംഭവ ദിവസം അടുക്കളയിൽ എന്ത് സംഭവിച്ചു എന്നറിയാൻ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ചായയിൽ വെളുത്തപോടി ചേർക്കുന്നത് കണ്ടത്.