ചെന്നെെ: ഹെെവേയിൽ രാത്രി വലിയ കല്ലുകൾ കൊണ്ടിട്ട് കവർച്ചാ ശ്രമം നടത്തുന്ന സംഘത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്. മധുരയിൽ കഴിഞ്ഞ ദിവസം നടന്ന ബൈക്കപകടത്തെപ്പറ്റിയുള്ള അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചത്. തമിഴ് മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. രാത്രി റോഡരികിൽ നിന്നും ഒരാൾ വലിയ കല്ല് നടുറോഡിൽ കൊണ്ടിടുന്നതാണ് ദൃശ്യത്തിൽ. പിന്നാലെ, ഒരു ബൈക്ക് ഈ കല്ലിൽ ഇടിച്ചു മറയുന്നതും സി.സി.ടി.വി ദൃശ്യങ്ങളിൽ ഉണ്ട്.
കല്ല് കൊണ്ടിട്ടയാൾ വഴിയരികിൽ മറഞ്ഞു നിൽക്കുന്നതും ദൃശ്യത്തിൽ വ്യക്തമാണ്. കൂടാതെ അപകടമുണ്ടായതോടെ ഇയാൾ ഓടിയെത്തുന്നതും കാണാം. വഴിയാത്രക്കാരെ അപകടത്തിൽപ്പെടുത്തി കവർച്ച നടത്തുന്ന സംഘമാണ് ഇതിന് പിന്നിലെന്നാണ് പൊലീസിന്റെ സംശയം. കഴിഞ്ഞ ദിവസം മധുരയിലെ തിരുനഗറിൽ മധ്യവയസ്‌കൻ ബൈക്കപകടത്തിൽ മരിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് സി.സി.ടി.വി ദൃശ്യങ്ങൾ കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്.