തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിനു മുമ്പെ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്‌ക്കാനൊരുങ്ങുകയാണ് ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറാൻ അനുവദിക്കണമെന്ന് പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടതായി രമ്യ ഹരിദാസ് പ്രമുഖ മാദ്ധ്യമത്തോട് പറഞ്ഞു. മണ്ഡലത്തിലെ വോട്ടർമാർക്ക് കൊടുത്ത വാക്ക് പാലിക്കാനായി ആലത്തൂരിനൊപ്പം എന്നു നിൽക്കുന്നതിനു വേണ്ടിയാണ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നതെന്നാണ് രമ്യ പറയുന്നത്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വലിയ മുന്നേറ്റം മണ്ഡലത്തിൽ യു.ഡി.എഫിന് ഉണ്ടാക്കാൻ കഴിയുമെന്നും വിജയിക്കാൻ വേണ്ട ഭൂരിപക്ഷം കിട്ടുമെന്ന് ഉറപ്പാണെന്നും രമ്യ ഹരിദാസ് പറഞ്ഞു. പ്രവർത്തന മേഖല പൂർണമായും ആലത്തൂരിൽ കേന്ദ്രീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും രമ്യ വ്യക്തമാക്കി. ഫലം വരും മുൻപുള്ള പൊതു പ്രവർത്തനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടി കൂടിയാണ് സ്ഥാനം രാജിവയ്‌ക്കുന്നതെന്നാണ് രമ്യയുടെ അവകാശവാദം.
അതേസമയം, ആലത്തൂരിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ പാർട്ടി നേതൃത്വം രമ്യക്ക് നിർദ്ദേശം നൽകിയതായും സൂചനയുണ്ട്. മാത്രമല്ല തിരഞ്ഞെടുക്കപ്പെട്ടാൽ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിൽ ഉണ്ടായേക്കാവുന്ന അനിശ്ചിതത്വങ്ങളും കോൺഗ്രസ് കണക്കിലെടുക്കുന്നുണ്ടെന്നാണ് സൂചന. രാജിക്കാര്യത്തിൽ രണ്ട് ദിവസത്തികം തീരുമാനം ഉണ്ടാകുമെന്നും രമ്യ പറഞ്ഞു.